ബെംഗളൂരു: നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളില്‍ റെയിൽ കോച്ച് റെസ്റ്റോറന്റുകൾ ഈ മാസം അവസാനത്തോടെ തുടങ്ങും. മജെസ്റ്റിക് റെയിൽവേ സ്റ്റേഷൻ അടക്കമുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും റെയിൽ കോച്ചുകളിൽ റെസ്റ്റോറന്റുകൾ വരും.മജസ്റ്റിക് സ്റ്റേഷനിലും (കണ്ഠീരവ സംഗോല്ലി രായണ്ണ റെയിൽവേ സ്റ്റേഷൻ), ബൈയപ്പനഹള്ളി സ്റ്റേഷനിലും (സർ എം വിശ്വേശ്വരയ്യ ടെർമിനൽ) മാര്‍ച്ച് അവസാനത്തോടെ റെയിൽവേ കോച്ചുകളിൽ റെസ്റ്റോറന്റുകൾ തുടങ്ങും.മജസ്റ്റിക്കിൽ റെസ്റ്റോറന്റ് തുടങ്ങാൻ ടെൻഡർ പിടിച്ചിരിക്കുന്നത് ഹാൽദിറാം ആണ്. ബൈയപ്പനഹള്ളി സ്റ്റേഷനിലെ റെസ്റ്റോറന്റ് ഗൗരവ് എന്റർപ്രൈസസ് നടത്തും. അഞ്ച് വർഷത്തേക്കാണ് കരാര്‍.
ഹുപ്പാളി റെയിൽവേ സ്റ്റേഷനിൽ ഇതിനകം തന്നെ റെയിൽ കോച്ച് റെസ്റ്റോറന്റ് നിലവിൽ വന്നിട്ടുണ്ട്. സമാനമായ രീതിയിലായിരിക്കും മജെസ്റ്റിക്കിലും ബൈയപ്പനഹള്ളിയിലും റെസ്റ്റോറന്റ് തുടങ്ങുക.റെയിൽ കോച്ച് തന്നെയാണ് ഇതിനായി ഉപയോഗിക്കുക. ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനുമെല്ലാം സൗകര്യമാകുന്ന തരത്തിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് മാത്രം. ഹുബ്ബാളിയിലെ റെയിൽ കോച്ച് റെസ്റ്റോറന്റിന് പേര് ‘ബോഗി ബോഗി’ എന്നാണ്.24 മണിക്കൂറും പ്രവർത്തിക്കുന്നവയാകും ഈ റെസ്റ്റോറന്റുകൾ. മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യുന്ന ഈ റെസ്റ്റോറന്റുകൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷ റെയിൽവേക്കുണ്ട്.
ബൈയപ്പനഹള്ളി. മജസ്റ്റിക് സ്റ്റേഷനുകൾ നല്ല തിരക്കുള്ള കേന്ദ്രങ്ങളാണ്.എയർ കണ്ടീഷൻ ചെയ്തവയായിരിക്കും ഈ റെസ്റ്റോറന്റുകൾ. സ്റ്റേഷന്റെ പ്രധാന കവാടത്തിനരികിൽ തന്നെയായിരിക്കും ഇവ സ്ഥാപിക്കപ്പെടുക. ടെൻഡർ പിടിച്ചവർ തന്നെയാണ് കോച്ചുകൾ റെസ്റ്റോറന്റാക്കി മാറ്റുന്ന ഡിസൈൻ വ്യതിയാനങ്ങൾ വരുത്തേണ്ടത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ കിച്ചനുകൾ പ്രത്യേകമായിരിക്കും. നോർത്ത് ഇന്ത്യൻ – സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും.