ബെംഗളൂരു: കർണാടക മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഡി കെ ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍.ഇരുവരെയും മെയ് മാസം പകുതിയോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ അഞ്ച് വർഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ രാഹുല്‍ ഒരുങ്ങുന്നത്.നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുല്‍ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖർഗെയും നിലപാടെടുത്തിരുന്നു. പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും മെയ് പകുതിയോടെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാൻ തീരുമാനമായത്.
മാർച്ച് മാസം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ്, ബജറ്റ് തിരക്കുകള്‍ കാരണം കൂടിക്കാഴ്ച നീട്ടുകയായിരുന്നു. എന്നാല്‍ കർണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് മുൻപായിത്തന്നെ ആശയക്കുഴപ്പം അവസാനിപ്പിക്കാനാണ് നേതാക്കളുടെ പദ്ധതി.തർക്കം അവസാനിപ്പിക്കാൻ രണ്ട് സാധ്യതകളാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. സിദ്ധരാമയ്യയെ മാറ്റേണ്ടിവന്നാല്‍, അദ്ദേഹം നിർദേശിക്കുന്ന ആളുകളെ മന്ത്രിസഭയിലേക്ക് എടുക്കുകയും, അദ്ദേഹത്തിന് പാർട്ടിയിലെ പ്രധാന പദവി നല്‍കുകയും ചെയ്യുന്നതാണ് ഒന്ന്.
സിദ്ധരാമയ്യ തുടരട്ടെ എന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍, ശിവകുമാർ നിർദേശിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മാത്രമല്ല, 2028ല്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ശിവകുമാറിന് മുഖ്യമന്ത്രി പദം ഉറപ്പ് നല്‍കുകയും ചെയ്യും.കർണാടകയില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനായിരുന്നു ധാരണ. സിദ്ധരാമയ്യ രണ്ടരവർഷം പൂർത്തിയാക്കിയതിനാല്‍ ഡികെ ശിവകുമാർ പക്ഷത്തെ എംഎല്‍എമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇത് തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം പൂർത്തിയാകുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചത്. പിന്നാലെ ഡി കെ ശിവകുമാർ-സിദ്ധരാമയ്യ പക്ഷ നേതാക്കള്‍ പലപ്പോഴുമായി വാക്കുതർക്കത്തില്‍ ഏർപ്പെട്ടിരുന്നു.