Home Featured കര്‍ണാടകയില്‍ ഒമ്ബതിന് രാഹുലിന്‍റെ ജയ്ഭാരത് യാത്ര

കര്‍ണാടകയില്‍ ഒമ്ബതിന് രാഹുലിന്‍റെ ജയ്ഭാരത് യാത്ര

ബംഗളൂരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ജയ്ഭാരത് യാത്രയുമായി രാഹുല്‍ ഗാന്ധി.ഏപ്രില്‍ ഒമ്ബതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും.രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശ്ശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്.

എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്.ഏപ്രില്‍ ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈസൂരുവില്‍ ഉണ്ട്. രാജ്യത്തിന്‍റെ കടുവ സംരക്ഷണ പദ്ധതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന മൂന്നു ദിവസത്തെ പരിപാടികളാണ് മോദി മൈസൂരുവില്‍ ഉദ്ഘാടനം ചെയ്യുക.

1973 ഏപ്രില്‍ ഒന്നിനാണ് കടുവ സംരക്ഷണത്തിനായി ‘പ്രോജക്‌ട് ടൈഗര്‍’ പദ്ധതി രാജ്യം തുടങ്ങിയത്.ബന്ദിപ്പുര്‍, നാഗര്‍ഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവ സങ്കേതങ്ങളുടെ സാമീപ്യമാണ് മൈസൂരുവിനെ തിരഞ്ഞെടുക്കാന്‍ കാരണം.കടുവ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുമ്ബാകെ പ്രദര്‍ശിപ്പിക്കുകയാണ് മൂന്നു ദിവസത്തെ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഏറ്റവും പുതിയ ദേശീയ കടുവ സെന്‍സസ് റിപ്പോര്‍ട്ട് ഈ ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തുവിടും

വിജയേന്ദ്ര ശിക്കാരിപുരയില്‍ – യെദിയൂരപ്പ:

ബംഗളൂരു: കര്‍ണാടകയിലെ വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്.യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല.വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദിയൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദിയൂരപ്പ പറഞ്ഞു.

വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തിയിരുന്നു.കോണ്‍ഗ്രസ് കോട്ടയാണ് മൈസൂരുവിലെ വരുണ. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുംബ സമുദായം നിര്‍ണായക ശക്തിയാണിവിടെ. 1983 മുതല്‍ യെദിയൂരപ്പ മത്സരിക്കുന്ന മണ്ഡലമാണ് ശിക്കാരിപുര.

ഏഴു തവണയാണ് അദ്ദേഹം ശിക്കാരിപുരയെ പ്രതിനിധാനംചെയ്തത്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് വിജയേന്ദ്ര പ്രതികരിച്ചു.സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുടെ സിറ്റിങ് സീറ്റാണ് വരുണ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. കോലാറില്‍നിന്ന് മത്സരിക്കാനാണ് ആദ്യം സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷിതമണ്ഡലമല്ലെന്ന വിലയിരുത്തലിനു ശേഷമാണ് മണ്ഡലം മാറിയത്.

നിലവില്‍ ബാഗല്‍കോട്ട് ജില്ലയിലെ ബദാമി മണ്ഡലം എം.എല്‍.എയാണ് അദ്ദേഹം.ഇത്തവണ മറ്റൊരു മണ്ഡലത്തില്‍നിന്നുകൂടി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന. കോലാറില്‍നിന്നും ബദാമിയില്‍നിന്നും മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചിരുന്നത്. ആദ്യ പട്ടികയില്‍ ഈ രണ്ട് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group