ബെംഗളൂരു: നാലു കറുത്ത വൃത്തങ്ങള്‍ മാത്രമുള്ള സൈന്‍ ബോര്‍ഡ്. പലതരം സൈന്‍ ബോര്‍ഡുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു ബോര്‍ഡ് വലിയ പരിചയം കാണില്ല.എന്നാല്‍, ഇങ്ങനെ ഒരു ബോര്‍ഡ് കണ്ടാല്‍ എന്താണ് അതിനര്‍ത്ഥം എന്ന് അന്വേഷിച്ച് നാം മെനക്കെടാറുമില്ല. ഇപ്പോഴിതാ, ഈ സൈന്‍ ബോര്‍ഡിന്റെ അര്‍ത്ഥം വ്യക്തമാക്കുകയാണ് ബെംഗളുരു പൊലീസ്.
അതിന് കാരണമായതാകട്ടെ ബെംഗളൂരുവില്‍ താമസിക്കുന്ന അനിരുദ്ധ് മുഖര്‍ജി എന്നയാളുടെ ചോദ്യവും.റോഡിലൂടെ പോകുമ്ബോഴാണ് അനിരുദ്ധ് മുഖര്‍ജി വിചിത്രമായ ആ സൈന്‍ ബോര്‍ഡുകള്‍ കണ്ടത്. നാലു കറുത്ത വൃത്തങ്ങള്‍ മാത്രമുള്ള സൈന്‍ ബോര്‍ഡ്! ആ വഴി പോയ ഭൂരിഭാഗം പേരെയും പോലെ അനിരുദ്ധിനും അതിന്റെ അര്‍ഥം മനസിലായില്ല.
ഉള്ളിലുയര്‍ന്ന സംശയം അവഗണിച്ച് വെറുതെയങ്ങു പോകാന്‍ അനിരുദ്ധ് തയാറായില്ല. ട്വിറ്ററില്‍ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് ഇതേക്കുറിച്ച് സംശയം ചോദിച്ചു. ആ ചോദ്യത്തിന് ബെംഗളൂരു പൊലീസ് വ്യക്തമായിത്തന്നെ മറുപടി നല്‍കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
സാധാരണ ഡ്രൈവിങ് ലൈസന്‍സിനു മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റുകളിലൊന്നും കണ്ടുവരാത്ത ഒരുതരം സൈന്‍ ബോര്‍ഡായിരുന്നു അത്. ഇനി അഥവാ അങ്ങനെയൊരു ചോദ്യം വന്നാലും ആര്‍ക്കും ഉത്തരം ലഭിക്കണമെന്നുമില്ല. കാരണം, നാലു കറുത്ത വൃത്തങ്ങള്‍ മാത്രമുള്ള ഒരു സൈന്‍ ബോര്‍ഡ് അധികമാരും കണ്ടിരിക്കില്ല.
അങ്ങനെ അധികമാരും കാണാത്ത ആ സൈന്‍ ബോര്‍ഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഔദ്യോഗികമായിത്തന്നെ വിശദീകരണം വന്നത്.’ഈ ട്രാഫിക് ചിഹ്നം എന്തിനുള്ളതാണ്?’ എന്നതായിരുന്നു അനിരുദ്ധിന്റെ ചോദ്യം. ഹോപ്ഫാം സിഗ്നലിനടുത്താണ് ഈ ബോര്‍ഡെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഓഗസ്റ്റ് ഒന്നിനു രാവിലെ 09.20ന് അനിരുദ്ധ് ചെയ്ത ട്വീറ്റിന് അന്നു രാത്രി 10.10ന് ബെംഗളൂരു പൊലീസ് മറുപടി നല്‍കി.
‘ഡിയര്‍ സര്‍, കാഴ്ചയില്ലാത്തവര്‍ റോഡ് മുറിച്ചുകടക്കാന്‍ സാധ്യതയുണ്ട് എന്ന സൂചന നല്‍കുന്ന മുന്നറിയിപ്പാണിത്. ഡ്രൈവര്‍മാര്‍ക്ക് അത്തരമൊരു സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലെടുക്കാനാകും. ഹോപ്ഫാം ജംക്‌ഷന്‍ കാഴ്ച പരിമിതര്‍ക്കു വേണ്ടിയുള്ള ഒരു സ്‌കൂളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു ബോര്‍ഡ് അവിടെ സ്ഥാപിച്ചിരിക്കുന്നത്’ – ഇതായിരുന്നു ട്രാഫിക് പൊലീസിന്റെ മറുപടി.
ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ഈ മറുപടിയെ അഭിനന്ദിച്ചും നന്ദിപറഞ്ഞും നിരവധിയാളുകള്‍ കമന്റ് ചെയ്തു. ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത ഈ ട്രാഫിക് സിഗ്നലിനെക്കുറിച്ച് വിശദീകരിച്ചതിന് നന്ദിയെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചത്.
സമാനമായ, അധികം ഉപയോഗിക്കാത്ത ട്രാഫിക് സിഗ്നലുകളെക്കുറിച്ചുള്ള അറിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാല്‍ ഏറെ ഉപകാരപ്രദമാകുമെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. ആളുകള്‍ക്ക് എളുപ്പം മനസിലാവുന്ന രീതിയില്‍ കാഴ്ചപരിമിതിയുള്ളയാള്‍ വടിപിടിച്ച് നടക്കുന്ന ചിത്രം തന്നെ ബോര്‍ഡില്‍ നല്‍കി കൂടേ എന്ന ചോദ്യമാണ് മറ്റൊരു യൂസര്‍ ഉന്നയിച്ചത്.