Home Featured ബംഗളൂരു വിമാനത്താവളത്തിൽ പ്രോട്ടോക്കോളിന് നിയന്ത്രണം

ബംഗളൂരു വിമാനത്താവളത്തിൽ പ്രോട്ടോക്കോളിന് നിയന്ത്രണം

ബംഗളൂരു: ഐ.പി.എസുകാരുടെ കുടുംബാംഗങ്ങൾക്ക് രാജ്യാന്തര വിമാനത്താവളത്തിൽ നൽകിവന്ന പ്രോട്ടകോൾ സുരക്ഷ കർണാടക സർക്കാർ പിൻവലിച്ചു.ഡി.ജി.പിയുടെ മകൾ എന്ന നിലയിലുള്ള ഈ കാവൽ നടി രന്യ റാവു വൻ സ്വർണ കള്ളക്കടത്തിന് മറയാക്കിയതിനെത്തുടർന്നാണിത്. യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ സുരക്ഷാ പ്രോട്ടോക്കോൾ നൽകൂ എന്നും അവരുടെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ സുരക്ഷാ പ്രോട്ടോക്കോൾ നൽകില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര) എസ്.ആർ. ഉമാശങ്കർ പറഞ്ഞു.

പ്രോട്ടോക്കോൾ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയ കേസിൽ നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. സ്വർണക്കടത്ത് കുറ്റത്തിന് രന്യ റാവുവിനെ ഡിആർഐ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സംസ്ഥാന പൊലീസ് പ്രോട്ടോക്കോൾ പരിശോധനക്ക് വിധേയമാക്കി. പ്രോട്ടോക്കോൾ സ്റ്റാഫ് ബസവരാജുവിനെ ഡി.ആർ.ഐ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ വിമാനം ഇറങ്ങുന്ന ഡി.ജിപിയുടെ മകളെ സ്വീകരിക്കാൻ നിർദേശം ലഭിച്ചിരുന്നുവെന്നും അവർ എന്താണ് കൊണ്ടുപോകുന്നതെന്ന് തനിക്ക് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യക്തമാക്കുന്ന മൊഴി നൽകിയതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു. നടിയുടെ വിവാഹത്തിനു ശേഷം തങ്ങൾ തമ്മിൽ കാണുകപോലും ചെയ്തിട്ടില്ലെന്നാണ് ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ പ്രതികരണം. എന്നാൽ റാവുവിന്റെ മകൻ്റെ വിവാഹത്തിൽ നടി കഴിഞ്ഞ മാസം പങ്കെടുക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. മോശം പ്രവർത്തനങ്ങളുടെ മുൻകാല റെക്കാർഡുള്ളയാളാണ് ഡി.ജി.പി റാവു. 2014 ൽ മൈസൂരു സതേൺ റേഞ്ചിൽ ഐ.ജി.പിയായിരിക്കെ ഇദ്ദേഹം ഹവാല അഴിമതിയിൽ കുടുങ്ങി നടപടിക്ക് വിധേയനായിരുന്നു.

കേരളത്തിലെ ബിസിനസുകാരന് കൈമാറാൻ കൊണ്ടുപോവുന്നതിനിടെ ബസിൽ നിന്ന് രണ്ടു കോടിയിലേറെ രൂപ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ 20 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് രേഖയുണ്ടാക്കിയത്. മൈസൂരു യെൽവാളിൽനിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽനിന്നായിരുന്നു പണം പിടിച്ചത്. പൊലീസിന്റെ കൊള്ളക്കെതിരെ ബിസിനസുകാരൻ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് സി.ഐ.ഡി അന്വേഷണം നടത്തി. സംഭവത്തിൽ രാമചന്ദ്ര റാവുവിന്റെ പേഴ്സണൽ ഗൺമാൻ ഉൾപ്പെടെ അറസ്റ്റിലായി. ഇതേത്തുടർന്ന് റാവുവിനെ ദക്ഷിണ മേഖല ഐ.ജി സ്ഥാനത്ത് നിന്ന് നീക്കി തസ്‌തിക നൽകാതെ ബംഗളൂരു പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. വീണ്ടും ചുമതലകൾ നൽകി രണ്ട് വർഷത്തിനുശേഷംവ്യാജ ഏറ്റുമുട്ടൽ കൊല ആരോപണം ഈ ഉദ്യോഗസ്ഥനെതിരെ ഉയർന്നു. ഗുണ്ടാസംഘാംഗങ്ങളായ ധർമ്മരാജ്, ഗംഗാധർ ചദച്ചന എന്നിവരുടെ മരണത്തെക്കുറിച്ച് സി.ഐ.ഡി നടത്തിയ അന്വേഷണത്തിൽ റാവുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group