ബെംഗളൂരു: കണ്ണിങ്ങ്ഹാം റോഡിലെ ചന്ദ്രികാജങ്ഷനിൽ മരംവീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തം. റോഡിലേക്ക് അപകടകരമായ നിലയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ബി.ബി.എം.പി. തയ്യാറാകാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. നഗരത്തിൽ സമാനരീതിയിൽ നിരവധി മരങ്ങൾ അപകട ഭീഷണിയുയർത്തുന്നതായും ഇവ ഉടൻ മുറിച്ചുനീക്കണമെന്നും ആവശ്യമുയരുന്നുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് റോഡിലൂടെ നടന്നുവരുകയായിരുന്ന രാജശേഖരൻ (18) എന്ന വിദ്യാർഥിയുടെ മുകളിലേക്ക് ആൽമരം പൊട്ടിവീണത്. തോളെല്ലിനും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ രാജശേഖരൻ വിക്രം ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
റോഡരികിൽ നിർത്തിയിരുന്ന ബൈക്കുകളും കാറുകളുമുൾപ്പെടെ ഏതാനും വാഹനങ്ങളും മരം വീണ് പൂർണമായും തകർന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോൺസ്റ്റബിൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിലേക്ക് പൊട്ടിവീണ മരം ശനിയാഴ്ച ഉച്ചയോടെയാണ് നീക്കം ചെയ്തത്.നേരത്തേ അപകടകരമായ നിലയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ കണക്ക് ബി.ബി.എം.പി. ശേഖരിച്ചിരുന്നെങ്കിലും ഇവ വെട്ടിമാറ്റാനാവശ്യമായ നടപടികളെടുത്തിരുന്നില്ല.
പരിസ്ഥിതി പ്രവർത്തകരിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും കനത്ത എതിർപ്പുയർന്നതോടെ ബി.ബി.എം.പി. പിന്മാറുകയായിരുന്നു. മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ബി.ബി.എം.പി. അവകാശപ്പെടുമ്പോഴും അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തത് കടുത്ത വിഴ്ചയാണെന്നാണ് ആരോപണം. മഴ പെയ്തുതുടങ്ങിയാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകിയും പൊട്ടിയും വീഴുന്നത് പതിവാണ്.
ജൂണിൽ പലയിടങ്ങളിലായി മരം വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.അതേസമയം അപകടമുണ്ടാകാനുള്ള സാഹചര്യം പരിശോധിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
കാസർകോട് സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം: പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി
കാസർകോട്: സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു ജൂലൈ 3 ന് അപകടം സംഭവിച്ചത്.
അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത് മിൻഹ മരണപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ., പ്രഥമാധ്യാപികയായ ഷീബ ബി. എന്നിവരെയാണ് സ്ഥലം മാറ്റിയത്. മഞ്ജു വി. ഇ. യെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും ഷീബ ബി. യെ ജി എച്ച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.