ബെംഗ്ളുറുഹിജാബ് വിവാദത്തെ തുടര്‍ന്ന് ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയെന്ന സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സ്കൂള്‍ മാനജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.ഹിജാബ് ധരിച്ചിരുന്നതിനാല്‍ കുട്ടികളെ സ്കൂളില്‍ കയറ്റിയില്ലെന്നും വെള്ളിയാഴ്ചയാണ് കണക്ക് ടീചര്‍ ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
കുട്ടികളുടെ മേലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ ശനിയാഴ്ച ഒരുകൂട്ടം രക്ഷിതാക്കള്‍ ബെംഗ്ളൂറിലെ വിദ്യാസാഗര്‍ പബ്ലിക് സ്കൂളിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത് ചന്ദ്ര ലേഔടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ടീചര്‍ക്കെതിരെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ മാനജ്മെന്റ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വെള്ളിയാഴ്ച ക്ലാസുകള്‍ കഴിഞ്ഞ് വീടുകളിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളോട് പരാതിപ്പെടുകയും അവര്‍ രാവിലെ സ്കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ഇടപെടലാണിതെന്ന് രക്ഷിതാക്കള്‍ മാനജ്മെന്റിനെ അറിയിച്ചു. ഉടന്‍ അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും സൗത് ഡിവിഷനിലെ ഡിഡിപിഐ മാനജ്മെന്റുമായി ചര്‍ച നടത്തുകയും ചെയ്തു. യൂനിഫോം മാര്‍ഗനിര്‍ദേശം സംബന്ധിച്ച് കോടതി തീരുമാനമെടുക്കുന്നതുവരെ സഹകരിക്കണമെന്ന് സമരക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്കൂളിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.