ബംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികര്‍ക്കും മുച്ചക്ര വാഹന ഡ്രൈവര്‍മാര്‍ക്കും 500 രൂപ പിഴ ചുമത്തുന്ന തീരുമാനത്തിനെതിരെ അമര്‍ഷം പുകയുന്നു.ഓഗസ്റ്റ് ഒന്നുമുതലാണ് നിരോധനം നിലവില്‍ വന്നത്. ഈ അതിവേഗ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് അധികൃതരെ ഈ നടപടിയിലേക്ക് നയിച്ചത്. ബൈക്ക് യാത്രക്കാരുടെയും ഓട്ടോറിക്ഷകളുടെയും ട്രാക്ടറുകളുടെയും സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് അധികൃതര്‍ പറയുന്നത്.
ഈ വാഹനങ്ങള്‍ ഇനിമുതല്‍ സര്‍വീസ് റോഡുകള്‍ വഴി മാത്രമാണ് പോകേണ്ടത്. നിരോധന വിജ്ഞാപനം നിലവില്‍ വന്നതോടെ ഹൈവേയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സര്‍വീസ് റോഡുകള്‍ വഴി തിരിച്ചുവിട്ടു. ബൈക്കര്‍മാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്നും രാമനഗര ഡിഎസ്‍പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.
എക്‌സ്‌പ്രസ് വേയില്‍ പ്രവേശിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരെ പോലീസ് നിയന്ത്രിക്കാൻ തുടങ്ങി. നിരോധനം സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകളും ഹൈവേയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, എക്‌സ്‌പ്രസ് വേയിലൂടെ സഞ്ചരിക്കേണ്ട ബൈക്ക് യാത്രികര്‍ നിരോധനത്തിനെതിരെ പ്രതിഷേധത്തിലാണ്. അധികൃതരുടെ തീരുമാനം കനത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനത്തെക്കുറിച്ച് തങ്ങളെ അറിയിക്കുകയോ ബന്ധപ്പെടുകയോ ചെയ്‍തിട്ടില്ലെന്ന് ബൈക്കേഴ്‌സ് ക്ലബ് ചൂണ്ടിക്കാട്ടി. എക്‌സ്‌പ്രസ് വേ ഒരു ഇൻഫ്രാസ്ട്രക്ചര്‍ വിസ്‍മയമാണെന്നും അത് എല്ലാവര്‍ക്കും ഉപയോഗിക്കാൻ കഴിയണമെന്നും ബെംഗളൂരു ബൈക്കേഴ്‌സ് ക്ലബ് സ്ഥാപകൻ എൻഐ ജോണ്‍ പറഞ്ഞു. ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടുന്നതിനെതിരെ പൊതുജനങ്ങളും രോഷം പ്രകടിപ്പിച്ചു.
ഇരുചക്രവാഹനങ്ങള്‍ ഇല്ലാതിരുന്നാല്‍ അപകടങ്ങള്‍ കുറയുമോ എന്നും അമിതവേഗതയില്‍ കാറുകളുള്ള എക്സ്പ്രസ് വേ എത്ര സുരക്ഷിതമാണെന്നും ബൈക്ക് യാത്രികര്‍ ചോദിക്കുന്നു. എക്‌സ്‌പ്രസ് വേയുടെ നിര്‍മാണം തന്നെ ദുരന്തമാണെന്ന് ആളുകള്‍ പറയുന്നു. അതിവേഗപാതയില്‍ ശരിയായ എൻട്രി/എക്സിറ്റ് പോയിന്റുകള്‍ ഇല്ലെന്നും ജലപ്രവാഹത്തിന് ശരിയായ ഡ്രെയിനേജ് ഇല്ലെന്നും മഴക്കാലത്ത് അടിപ്പാതകള്‍ പലപ്പോഴും നിറയുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍, ദേശീയപാതയില്‍ വാഹനങ്ങള്‍ എല്ലായ്പ്പോഴും ഒന്നുകില്‍ കുടുങ്ങിപ്പോകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നുവെന്നും ആളുകള്‍ ആരോപിക്കുന്നു. ബിഡഡി-കൊതമാരനഹള്ളിക്ക് സമീപമുള്ള റെയില്‍വേ അടിപ്പാത ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ലെന്നും സര്‍വീസ് റോഡിന്റെ അവസ്ഥ വളരെ മോശമാണെന്നും ഇടയ്ക്കിടെ റോഡ് തകരുന്നുവെന്നും പരാതി ഉയരുന്നുണ്ട്.
രാജ്യത്തിന്‍റെ വളരുന്ന റോഡ് ശൃംഖലയിലെ സുപ്രധാന നേട്ടമായി ഏറ്റവും പുതിയ അതിവേഗ ഹൈവേകളിലൊന്നാണ് ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ്‌വേ. കര്‍ണാടകയുടെ നിലവിലെ തലസ്ഥാനമായ ബംഗളൂരുവിനെയും പഴയ തലസ്ഥാനമായ മൈസൂരുവിനെയും ബന്ധിപ്പിച്ച് മികച്ച യാത്രാനുഭവം നല്‍കുന്ന 118 കിലോമീറ്ററുള്ള ഈ പത്തുവരിപ്പാത 2023 മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ അടുത്തകാലത്ത് തുടര്‍ച്ചയായ അപകടവാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ സൂപ്പര്‍ റോഡ്. ഉദ്ഘാടനം ചെയ്‍ത് അഞ്ച് മാസത്തിനുള്ളില്‍ 500-ല്‍ അധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഈ അപകടങ്ങളില്‍ 100 ഓളം ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഈ എക്‌സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്‌എഐ) തീരുമാനിച്ചിരുന്നു.
ഈ അടുത്ത കാലത്തായി എക്‌സ്പ്രസ് വേയില്‍ നിരവധി വാഹനങ്ങള്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് റോഡിലൂടെയുള്ള മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്. കര്‍ണാടക സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ജൂണ്‍ വരെ ബംഗളൂരു മൈസൂരു എക്‌സ്‌പ്രസ്‌വേയില്‍ അപകടങ്ങളില്‍ 100 മരണങ്ങളും 335 പേര്‍ക്ക് പരിക്കേറ്റു. എക്‌സ്‌പ്രസ്‌വേയിലെ അമിതവേഗത നിയന്ത്രിക്കാൻ ഹൈവേയില്‍ കഴിഞ്ഞദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അധിഷ്‌ഠിത ക്യാമറകളും പൊലീസ് സ്ഥാപിച്ചിരുന്നു. ഹൈവേയില്‍ നിയമങ്ങള്‍ ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് എഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.