ബെംഗളൂരു: ബെസ്കോം വൈദ്യുതി ബില്ലുകൾക്കൊപ്പം മാലിന്യ നികുതി പിരിച്ചെടുക്കാനുള്ള നിർദേശം സമർപ്പിച്ച് ബിബിഎംപി. വാണിജ്യ, ഗാർഹിക ഉപഭോക്താക്കൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തും. പ്രതിമാസ ഗാർഹിക വൈദ്യുതി ബിൽ 200 രൂപയിൽ താഴെയുള്ളവർക്ക് മാലിന്യ നികുതി 30 രൂപയും 200 മുതൽ 500 രൂപവരെയുള്ളവർക്ക് 60 രൂപയും 500 മുതൽ 1000 രൂപ വരെയുള്ളവർക്ക് 100 രൂപയുമാണ് ഈടാക്കുക. 3,000 രൂപയ്ക്ക് മുകളിലുള്ളവർക്ക് 500 രൂപ നികുതി നൽകണം. വ്യാവസായിക ഉപഭോക്താക്കൾക്ക് 75 രൂപ മുതൽ 1200 രൂപ വരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പ്രതിവർഷം 870 കോടി രൂപ മാലിന്യ നികുതിയായി പിരിച്ചെടുക്കാമെന്നാണു ബിബിഎംപി പ്രതീക്ഷിക്കുന്നത്. 1,500 കോടിരൂപയാണ് കഴിഞ്ഞ വർഷം മാലിന്യസംസ്കരണത്തിനായി ബിബിഎംപി ചെലവഴിച്ചത്. നിലവിൽ നഗരത്തിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് പണം ഈടാക്കുന്നില്ല. മാലിന്യ സംസ്കരണത്തിന് ചെലവേറുന്ന സാഹചര്യത്തിലാണ് 2 വർഷം മുൻപാണ് മാലിന്യ നികുതി എന്ന ആശയം ബിബിഎംപി അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടുത്ത് ചേരുന്ന യോഗത്തിൽ നിർദേശം ചർച്ച ചെയ്യുമെന്ന് നഗരവികസന വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി രാകേഷ് സിങ് പറഞ്ഞു