മംഗളൂരു • ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു കൊലപാതകം നടന്നതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന മംഗളൂരുവിലെ വിവിധ പ്രദേശങ്ങൾ എഡിജിടപി അലോക് കുമാർ സന്ദർശിച്ചു. ജനങ്ങളുമായി സംസാരിച്ച എഡി ജിപി ജില്ലാ ജയിലും സന്ദർശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ 8 വരെ നീട്ടി.നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതിന്റെ ഭാഗമായി വൈകിട്ട് ആറുമുതൽ കടകൾ അടച്ചിടുന്നത് രാത്രി 9 മണി മുതൽ രാവിലെ 6 വരെ ആക്കി. മദ്യശാലകൾ വൈകിട്ട് 6വരെ തുറക്കാം. ഇത് തിങ്കളാഴ്ച്ച വരെ തുടരും.
നിരോധനാജ്ഞ പിൻവലിക്കുന്നതുവരെ പുരുഷമാർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻ സീറ്റ് യാത്ര നിരോധിക്കാൻ പൊലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്നു പിൻവലിച്ചു.