ബെംഗളൂരു: അനധികൃതമായി വെള്ളം എടുക്കുന്നത് തടയാൻ ശിവമോഗ ജില്ലയിലെ ഭദ്ര കനാലിന് 100 മീറ്റർ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കനാലിൽനിന്ന് അനധികൃതമായി വെള്ളം കൊണ്ടുപോകുന്നത് കാരണം പ്രദേശത്തെ കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.ഈ മാസം 26 വരെയാണ് നിരോധനാജ്ഞ . കനാലിലെ അനധികൃത വെള്ളമെടുപ്പിനെതിരേ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കനാലിന് സമീപം നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.കനാലിലും നദിയിലുമായി ആയിരക്കണക്കിന് അനധികൃത പമ്പുസെറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
അനധികൃതമായി പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം കൊണ്ട് പൊകുന്നത് ഡെപ്യൂട്ടി കമ്മിഷണർ ഗുരുദത്ത ഹെഗ്‌ഡെ വിലക്കിയിരുന്നെങ്കിലും വെള്ളമെടുപ്പ് തുടർന്നു. ഫെബ്രുവരി അഞ്ചിന് ശേഷം ഭദ്ര അണക്കെട്ടിൽനിന്ന് ഹാവേരി, ഗദഗ് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേക്ക് ഒരു ഘനയടി വെള്ളം വിട്ടുകൊടുത്തിട്ടുണ്ട്. ആളുകൾ നദിക്കു കുറുകേ മൺതിട്ടകളുണ്ടാക്കിയിട്ടുള്ളതിനാൽ അണക്കെട്ടിലെ വെള്ളം ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നില്ലെന്ന് പരാതിയുണ്ട്.
സംഘര്‍ഷാവസ്ഥ: മണിപ്പൂരില്‍ പ്ലസ് ടു പരീക്ഷക്ക് വിദ്യാര്‍ഥികള്‍ കുറഞ്ഞു
മണിപ്പൂരില്‍ തുടരുന്ന വംശീയ അക്രമങ്ങള്‍ വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വർഷം 12ാം ക്ലാസ് സ്റ്റേറ്റ് ബോർഡ് പരീക്ഷയെഴുതുന്നവരില്‍ അയ്യായിരത്തോളം വിദ്യാർഥികളാണ് കുറഞ്ഞത്.കഴിഞ്ഞ വർഷം 120 കേന്ദ്രങ്ങളിലായി 36,000ത്തിലേറെ വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. എന്നാല്‍, ഈ വർഷം ഇത് 31,000 ആയെന്ന് കൗണ്‍സില്‍ ഓഫ് ഹയർ സെക്കൻഡറി സ്കൂള്‍ ലീവിങ് സർട്ടിഫിക്കറ്റ് എക്സാംസ് (സി.ഒ.എച്ച്.എസ്.ഇ.എം) ചെയർമാൻ ടി. ഓജിത് സിങ് പറഞ്ഞു. പരീക്ഷ കേന്ദ്രങ്ങള്‍ 120ല്‍നിന്ന് 111ആയി കുറയുകയും ചെയ്തു. 114 കേന്ദ്രങ്ങള്‍ അനുവദിച്ചെങ്കിലും ക്രമസമാധാന നില മോശമായി തുടരുന്നതിനാല്‍ മൂന്ന് സ്കൂളുകളെ ഒഴിവാക്കുകയായിരുന്നു. ഈ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതേണ്ടവരെ മറ്റിടങ്ങളിലേക്ക് മാറ്റി.
അതിനിടെ, ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് സംഘർഷമുണ്ടായ ചുരാചാന്ദ്പൂരില്‍ ഇന്റർനെറ്റ് വിലക്ക് ഫെബ്രുവരി 26 വരെ നീട്ടി. സാമൂഹിക ദ്രോഹികള്‍ പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച് അക്രമം വ്യാപിപ്പിക്കുന്നത് തടയാനാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് ഇന്റർനെറ്റ് വിലക്ക് തുടരാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷി അറിയിച്ചു.