ബെംഗളൂരു: കര്‍ണാടകത്തില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. മതംമാറ്റ നിരോധന ബില്ലും ഒപ്പം ലവ് ജിഹാദിനെതിരായ ബില്ലും കൊണ്ടുവരികയാണ്. വലിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബിജെപി സര്‍ക്കാര്‍ ഈ നീക്കം കൊണ്ടുവരുന്നത്. അന്യായമായുള്ള മതംമാറ്റത്തെ തടയുകയാണ് ലക്ഷ്യം എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ആര്‍എസ്‌എസുമായി അടുപ്പമുള്ള എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ ഞെട്ടിക്കുന്നതാണ്. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഇത് അവതരിപ്പിക്കാന്‍ പോകുന്നത്. ഹിന്ദുക്കളെ രക്ഷിക്കാന്‍ ഈ നിയമം ആവശ്യമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നു. എന്ത് വന്നാലും ഈ ബില്ലിനെ തടയുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ് ഈ നിയമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ആര്‍എസ്‌എസുമായി അടുപ്പമുള്ള മന്ത്രിമാരും എംഎല്‍എമാരും മതംമാറ്റത്തിന് സമ്ബൂര്‍ണ നിരോധനം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതും ഈ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതാണ്. ആര്‍എസ്‌എസിന്റെ നിര്‍ദേശമായിട്ടാണ് ഇത് വരുന്നത്. ലൗ ജിഹാദിനെ നിരോധിക്കുന്ന പ്രത്യേക ബില്‍ സര്‍ക്കാരിനോട് കൊണ്ടുവരാനും നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത നടപടികള്‍ക്കാണ് ബിജെപി തുടക്കമിടുന്നതെന്നാണ് സൂചന. ക്രിസ്ത്യന്‍ മിഷണറിമാരും മുസ്ലീങ്ങളും ചേര്‍ന്ന് ഹിന്ദുക്കളെ മതംമാറ്റുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. നേരത്തെ മുന്‍ മന്ത്രി ഗൂളിഹട്ടി ശേഖര്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഈ നിയമത്തിന് വഴിവെച്ചിരിക്കുന്നത്.
തന്റെ മാതാവ് ക്രിസ്ത്യന്‍ മത വിശ്വസത്തില്‍ നിന്ന് ഹിന്ദൂയിസത്തിലേക്ക് മടങ്ങിവന്നുവെന്നും, ക്രിസ്ത്യന്‍ മതത്തിലെ ചില ദുഷ്ടശക്തകള്‍ തന്റെ കുടുംബത്തിലെ സമാധാനം തകര്‍ത്തുവെന്നും ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മതംമാറ്റം തന്നെ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ ബില്‍ കൊണ്ട് ഹിന്ദുക്കളെ, പ്രത്യേകിച്ച് ദളിതുകളെയും പട്ടികവര്‍ഗക്കാരെയും ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്ന് രക്ഷിക്കുമെന്ന് ബൊമ്മൈ പറയുന്നു. മിഷണറിമാര്‍ ഇവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് കൊണ്ടുപോവുകയാണ്. അതിലൂടെ സാമ്ബത്തിക നേട്ടം വാഗ്ദാനം ചെയ്താണ് മതംമാറ്റമെന്നും ബൊമ്മൈ പറയുന്നു.
ഇത് ക്രിസ്ത്യാനികള്‍ക്കെതിരെ വിവേചനമുണ്ടാകുന്ന ബില്ലല്ല. അവര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ല. ക്രിസ്ത്യാനികള്‍ക്ക് അവരുടെ മതവിശ്വാസം പിന്തുടരാം. എന്നാല്‍ മതത്തിന്റെ പേരില്‍ ബിസിനസ് നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീര്‍ത്തും കിരാതമായ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ മതനേതാക്കള്‍ പറഞ്ഞു. ബെംഗളൂരൂ ആര്‍ച്ച് ബിഷപ്പ് ഡോ പീറ്റര്‍ മക്കാഡോ അടക്കം ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ രണ്ടാം തരം പൗരന്മാരാക്കുന്നതാണ് ഈ നിയമമെന്ന് മക്കാഡോ ആരോപിച്ചു. കത്തോലിക്കാ സഭ ഇതിനെ എതിര്‍ക്കുന്നുണ്ട്. പെന്തക്കോസ്ത്, ലൈഫ് ചര്‍ച്ചുകള്‍, തുടങ്ങിയവരെല്ലാം മതംമാറ്റം നടത്തുന്നുണ്ടെന്ന് ചില കത്തോലിക്കാ നേതാക്കള്‍ സമ്മതിക്കുന്നു.
കത്തോലിക്കാ സഭയും ബിജെപി സര്‍ക്കാരും തമ്മിലുള്ള ബന്ധമാണ് ഇതോടെ വഷളാവുന്നത്. കേന്ദ്ര മന്ത്രി ശോഭ കരന്തലജെ ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബില്‍ പാസാകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഒപ്പം ലവ് ജിഹാദ് ബില്ലും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. മുസ്ലീം സംഘടനകള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ വലയിലാക്കുകയും, പിന്നീട് മതം മാറ്റുകയും ചെയ്യുന്നുണ്ടെന്ന് ബിജെപി മന്ത്രിമാര്‍ ആരോപിക്കുന്നു. മുസ്ലീം നേതാക്കളും ബിജെപി സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. മുസ്ലീങ്ങളെ ദ്രോഹിക്കാനുള്ള നിയമമെന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. നിയമവുമായി മുന്നോട്ട് പോകാന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. എന്ത് വന്നാലും ഇതിനെ സഭയില്‍ എതിര്‍ക്കും. ആര്‍എസ്‌എസിനെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം ബൊമ്മൈ ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.