ബംഗളൂരു: ക്രിസ്ത്യാനികള്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കുമെതിരേ കര്‍ണാടകടില്‍ ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നിരാഹാര സമരം പ്രഖ്യാപിച്ച് ക്രൈസ്തവ സംഘടനകള്‍.
10 ദിവസം നിരാഹാര സമരം നടത്താനാണ് ക്രൈസ്തവ സംഘടനകള്‍ പോലിസിന്റെ അനുമതി തേടിയത്. എന്നാല്‍, ഒരു ദിവസത്തേക്ക് മാത്രമാണ് പോലിസ് അനുമതി നല്‍കിയിട്ടുള്ളത്. 10 ദിവസം സമരം നടത്താന്‍ പോലിസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച മാത്രം നിരാഹരം അനുഷ്ഠിക്കുമെന്ന് ക്രൈസ്ത സംഘടനാ പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനം രൂക്ഷമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നതിനിടേയാണ് മതപരിവര്‍ത്തന നിരോധന നിയമം പാസാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. മതപരിവര്‍ത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുത്തിരുന്നു. എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുത്ത് സാമ്ബത്തിക വിവരങ്ങള്‍ ശേഖരിക്കാനാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ മതപരിവര്‍ത്തനം രൂക്ഷമാണെന്ന പരാതി നിലനില്‍ക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചതെന്ന് സമിതി ചെയര്‍മാനും ഹൊസദുര്‍ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി വിഎച്ച്‌പി ബജ്‌റംഗദള്‍ അടക്കമുള്ള രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ പള്ളികളുടെ കണക്കെടുത്തത്. പിന്നാക്ക വിഭാഗം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് പരാതിയെത്തുടര്‍ന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികളുടെ കണക്കെടുക്കാനാണ് സര്‍വേ നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ ബിജെപി അധികാരത്തിലേറിയതിന് ശേഷം കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. കോലാറില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയം അക്രമിച്ച് വേദ ഗ്രന്ധങ്ങള്‍ ഉള്‍പ്പടെ ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയിരുന്നു.