ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നൂഡിൽസ് കഴിച്ച രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ഒടിവുകളും മുറിവുകളും കണ്ടെത്തി. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖർ മഹാലക്ഷ്മി ദമ്പതികളുടെ ഇളയ മകൻ സായ് തരുൺ ആണ് മരണപ്പെട്ടത്. ശനിയാഴ്ച നൂഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് അമ്മ മൊഴി നൽകിയിരുന്നത്.
ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.അമ്മയുടെ മൊഴിയിൽ ദുരൂഹതയുള്ളതയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. തലേദിവസം ഉണ്ടാക്കിയ നൂഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി എന്നാണ് അമ്മ നൽകിയ മൊഴി.
ശനിയാഴ്ച പകൽ മുഴുവൻ കുട്ടി ഒന്നും കഴിച്ചില്ലെന്നും പിന്നീട് ഛർദ്ദിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് അമ്മ പറഞ്ഞത്. ഞായറാഴ്ച തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി.
കുട്ടിയുടെ ജനനേന്ദ്രിയത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മയുടെ വിശദീകരണം. അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരികയൊള്ളുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.