ഓണത്തിന് പിന്നാലെ ദസറ അവധിക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി സ്വകാര്യ ബസുകൾ. തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ 3500-3700 രൂപ വരെയാണു നിരക്ക്. എറണാകുളത്തേക്ക് എസി സ്ലീപ്പറിൽ 3200-3900 രൂപവരെയാണു നിരക്ക്.
കോഴിക്കോടേക്ക് എസി സ്ലീപ്പറിൽ 1400-1600 രൂപയും നോൺ എസിയിൽ 1100-1300 രൂപവരെയുമാണ് നിരക്ക്. കോവിഡിനു മുൻപ് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഏജൻസികൾ പലതും ബസുകളുടെ എണ്ണം വെട്ടിക്കുറച്ചതും നിരക്ക് ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ധനവില വർധനയും ഒരു വശത്തേക്ക് കാലിയായി സർവീസ് നടത്തേണ്ടിവരുന്നതുമാണ് നിരക്ക് ഉയരാൻ കാരണമെന്നാണു ബസ് ഉടമകളുടെ വാദം.
സ്പെഷൽ ട്രെയിൻ പ്രഖ്യാപനവും വൈകുന്നു
കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തന്നെ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടെങ്കിലും ദസറ സ്പെഷൽ ട്രെയിൻ സംബന്ധിച്ച് പ്രഖ്യാപനം വൈകുന്നു. ഉത്തരേന്ത്യയിലേക്ക് ആഴ്ചകൾക്ക് മുൻപേ തന്നെ സ്പെഷൽ ട്രെയിനുകളിൽ ബുക്കിങ് ആരംഭിക്കുമെങ്കിലും കേരളത്തിലേക്ക് അവസാനനിമിഷം പ്രഖ്യാപിക്കുന്ന പതിവിന് ഇപ്പോഴും കാര്യമായ മാറ്റമില്ല. ഓണത്തിന് ഉത്രാടദിനത്തിലാണ് 2 സ്പെഷൽ ട്രെയിനുകൾ കേരളത്തിലേക്ക് ഓടിച്ചത്.
ഒരു ദിവസം മുൻപ് മാത്രമാണ് സ്പെഷൽ ട്രെയിൻ അനുവദിച്ച വിവരം റെയിൽവേ പ്രഖ്യാപിച്ചത്. ഇതിൽ മൈസൂരു തിരുവനന്തപുരം സ്പെഷൽ ട്രെയിൻ തിരു നെൽവേലി, നാഗർകോവിൽ വഴി സർവീസ് നടത്തിയതോടെ മറ്റു ജില്ലകളിൽപെട്ടവർക്ക് കാര്യമായി ഉപകരിച്ചില്ല. 2 ട്രെയിനുകളും തിരുവോണ ദിനത്തിൽ തന്നെ മടങ്ങുകയും ചെയ്തു.
ഓണാവധിക്കു ശേഷം തിരിച്ച് മടങ്ങാൻ കൊച്ചുവേളി-ബയ്യപ്പനഹള്ളി സ്പെഷൽ മാത്രമായിരുന്നു ആശയം. മറുനാടൻ മലയാളികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മൈസൂരു മൃഗശാലയ്ക്ക് മൂന്നാം സ്ഥാനം
രാജ്യത്തെ മികച്ച മൃഗശാലകളിൽ മൈസൂരു ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡന്(മൈസൂരു മൃഗശാല) മൂന്നാം സ്ഥാനം. ബെംഗളൂരുവിലെ ബെന്നാർ ഘട്ടെ ബയോളജിക്കൽ പാർക്കിന് 9-ാം സ്ഥാനമാണ്. കേന്ദ്ര മൃഗശാല അതോറിറ്റിയാണു രാജ്യത്തെ 39 മൃഗശാലകളിൽ പരിശോധന നടത്തി റാങ്ക് പ്രഖ്യാപിച്ചത്. ഡാർജലിങ്ങിലെ പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്, ചെന്നൈയിലെ അണ്ണാ സുവോളജിക്കൽ പാർക്ക് എന്നിവയ്ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.