ബെംഗളൂരു ∙ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ഏജൻസികൾ. ബെംഗളൂരു– തിരുപ്പതി സംസ്ഥാനാന്തര റൂട്ടിൽ ഫ്രെഷ് ബസ്, ന്യൂ ഗോ എന്നീ ഏജൻസികളാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ, ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് റൂട്ട് പരിശോധന ഉൾപ്പെടെ പൂർത്തിയാകാനുണ്ട്.
ഡീസൽ ബസുകളെ അപേക്ഷിച്ച് ചെലവ് കുറവും സംസ്ഥാനാന്തര പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇളവുമാണ് ഇലക്ട്രിക് ബസ് സർവീസിന് അനുകൂലമായിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതും മലബാർ മേഖലയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് സൗകര്യപ്രദമാണ്.കർണാടക ആർടിസി നിലവിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരു, വിരാജ്പേട്ട്, മടിക്കേരി, ദാവനഗരെ എന്നിവിടങ്ങളിലേക്കാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി ആദ്യഘട്ടത്തിലെ 50 ബസുകളിൽ 34 ബസുകളാണ് ലഭിച്ചത്.
200 നോൺ എസി ബസുകൾ കൂടി ഒരു വർഷത്തിനുള്ളിൽ ലഭിക്കും. വാടക അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയാണ് കർണാടക ആർടിസിക്കായി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്.
വിവാഹസംഘത്തിന്റെ ബസിന് തീപിടിച്ചു; ആർക്കും പരുക്കില്ല
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ശ്രീരംഗപട്ടണയ്ക്ക് സമീപം വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു. 30 യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് പൂർണമായി കത്തിനശിച്ചു. ശിവമൊഗ്ഗയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. യാത്രക്കാരുടെ ലഗേജുകളും പണവും ആഭരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. മൈസൂരുവിൽ നിന്ന് അഗ്‌നിശമന സേനയും പൊലീസും ചേർന്നാണ് തീ പൂർണമായി അണച്ചത്.