ബെംഗളൂരു; കര്‍ണാടക സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ജനുവരി 12-ന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.കലബുര്‍ഗിയില്‍ ബഞ്ചാര കണ്‍വെന്‍ഷന്‍ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ഈ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.
28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളാണ് ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ എത്തുന്നത്. ഏഴു ദിവസത്തെ ഉത്സവമാണിത്. പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങും. നാരായണപുരയിലെ നവീകരിച്ച ഇടതുകര കനാല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ ജനുവരി 19-ന് പ്രധാനമന്ത്രി നാരായണപുരയില്‍ എത്തും.
ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ പിന്നാക്ക ജാതിയില്‍പെട്ട സ്ത്രീയെ ആക്രമിച്ച, മുടിയില്‍ കുത്തിപ്പിടിച്ച് ക്ഷേത്രത്തില്‍ നിന്നു പുറത്താക്കി; ഒരാള്‍ അറസ്റ്റില്‍
ബെംഗളുരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ പിന്നാക്ക ജാതിയില്‍പെട്ട സ്ത്രീയെ ആക്രമിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് ക്ഷേത്രത്തില്‍ നിന്നു പുറത്താക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.ബെംഗളുരു അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ ക്ഷേത്ര ട്രെസ്റ്റിയെയാണ് പോലീസ് പിടികൂടിയത്. പിന്നാക്ക ജാതിയില്‍പെട്ട നിനക്ക് എങ്ങനെ ക്ഷേത്രത്തില്‍ കയറാനാവുമെന്ന് ആക്രോശിച്ചു കൊണ്ട് സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്ത് വന്നിരുന്നു . കഴിഞ്ഞമാസം 21നു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. പിറകെ ആക്രമിക്കപ്പെട്ട സ്ത്രീ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണു ക്ഷേത്രം രക്ഷാധികാരി മുനികൃഷ്ണപ്പയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. അതേസമയം താന്‍ പ്രതിഷ്ഠയുടെ ഭാര്യയാണെന്നും പ്രതിഷ്ഠയ്ക്ക് അരികില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സ്ത്രീ ബഹളം വച്ചന്നാണു മുനികൃഷ്ണപ്പയുടെ വാദം. വിശദമായ അന്വേഷണം തുടരുന്നതായി അമൃതഹള്ളി പൊലീസ് അറിയിച്ചു.