ബെംഗളൂരു: നഗരത്തിൽ അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വില. പച്ചക്കറിക്കും പഴവർഗങ്ങൾക്കും ധാന്യങ്ങൾക്കും കുത്തനെ വിലയുയർന്നതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നഗരവാസികൾ. പത്തുദിവസത്തിനിടെയാണ് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നതെന്ന് വ്യാപാരികൾ പറയുന്നു.മഴകുറഞ്ഞതും പലയിടങ്ങളിലും ധാന്യങ്ങളുടെ ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് വിലക്കയറ്റത്തിനുള്ള കാരണമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന വരമഹാലക്ഷ്മി പൂജയോടനുബന്ധിച്ച് ആവശ്യകത കൂടിയതാണ് പഴങ്ങളുടെയും പച്ചക്കറിയുടെയും വിലക്കയറ്റത്തിന് ഇടയാക്കിയത്.
തുവരപ്പരിപ്പിന് ഒരാഴ്ചയ്ക്കിടെ 10 രൂപയാണ് വർധിച്ചത്. വ്യാഴാഴ്ച 180 രൂപയ്ക്കാണ് യശ്വന്തപുര മാർക്കറ്റിൽ തുവരപ്പരിപ്പിന്റെ വിൽപ്പന നടന്നത്. ഏതാനും ദിവസങ്ങൾ മുമ്പുവരെ 52 രൂപയുണ്ടായിരുന്ന കടലയ്ക്ക് നിലവിൽ 68 രൂപയ്ക്ക് മുകളിലാണ് വില. മുതിരയുടെ വില സർവകാല റെക്കോഡിലാണ്. 80 രൂപയുണ്ടായിരുന്ന മുതിരയ്ക്ക് ഇപ്പോൾ 120 രൂപയാണ് ഈടാക്കുന്നത്.മുതിരയുടെ വിലയിലുണ്ടായ റെക്കോഡാണിതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വൻപയറിനും 20 രൂപയുടെ വർധനയുണ്ടായി. ഒരാഴ്ച മുമ്പ് 110 രൂപയ്ക്ക് ലഭിച്ചിരുന്ന വൻപയർ ലഭിക്കാൻ ഇപ്പോൾ 130 രൂപ നൽകണം.
ഗോതമ്പുവിലയിലും രണ്ടുരൂപയുടെ വ്യത്യാസമുണ്ട്.ഇടത്തരം പച്ചരിക്കും അഞ്ചുരൂപയുടെ വർധനയുണ്ടായി. വരുംദിവസങ്ങളിലും വിലക്കയറ്റം അതിരൂക്ഷമാകാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു. നഗരത്തിലേക്ക് അരിയെത്തിക്കുന്ന ഒട്ടുമിക്ക മില്ലുകളിലും ആവശ്യത്തിന് നെല്ലില്ലെന്നാണ് വിവരം. പച്ചക്കറിയുടെയും പഴങ്ങളുടെയും വിലയും നഗരത്തിൽ കുതിച്ചുകയറുകയാണ്. ആപ്പിളിന് ഒരുകിലോയ്ക്ക് 300 രൂപവരെയാണ് ഈടാക്കുന്നത്.
നേന്ത്രപ്പഴത്തിന് 82 രൂപയും മുന്തിരിക്ക് 320 രൂപവരെയുമാണ് വില.അതേസമയം, ഗുണമേന്മയുടെ പഴങ്ങൾ വിപണിയിൽ ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. പച്ചക്കറികളിൽ തക്കാളിക്ക് മുമ്പുണ്ടായിരുന്നതിനെക്കാളും വിലക്കുറവുണ്ടെങ്കിലും മറ്റുള്ളവയ്ക്ക് പൊള്ളുന്ന വിലയാണ്. ഉള്ളിക്ക് 46 മുതൽ 54 രൂപവരെയാണ് വ്യാഴാഴ്ചത്തെ വില. ഉരുളക്കിഴങ്ങിന് 43 മുതൽ 45 വരെയും പച്ചമുളകിന് 80 മുതൽ 105 വരെയും ചില്ലറവിപണികളിൽ വ്യാഴാഴ്ച ഈടാക്കി.
സർക്കാർ ഇടപെടണം:വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിപണിയിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. ഹോർട്ടികോർപ്പിന്റെ വിൽപ്പനശാലകളിൽ കൂടുതൽ ഉത്പന്നങ്ങൾ എത്തിക്കുകയും പ്രത്യേകം ചന്തകൾ നടത്തുകയും വേണമെന്നാണ് ആവശ്യം.ഇതിനുപുറമേ പൂഴ്ത്തിവെപ്പ് തടയാനാവശ്യമായ നടപടികളും സ്വീകരിക്കണം. നിലവിലെ സാഹചര്യം തുടർന്നാൽ സാധാരണക്കാർ പൂർണമായും ദുരിതത്തിലാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.