ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനാണ് നടക്കനിരിക്കുന്നത്. വോട്ട് ലഭിക്കാന്‍ പല തന്ത്രങ്ങളും മെനഞ്ഞ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ്.പലരും പല വഗ്ദാനങ്ങളും നല്‍കി കഴിഞ്ഞു. സൗജന്യമായി അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന രീതിയുമുണ്ട്. അത്തരത്തില്‍ വോട്ടു പിടിക്കാന്‍ വിതരണം ചെയ്യാനിരുന്ന 500 പ്രഷര്‍ കുക്കറുകളാണ് ബെംഗളൂരുവില്‍ പൊലീസ് പിടിച്ചെടുത്തത്.വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജഗോപാലനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൃന്ദാവന്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
സ്വകാര്യ കമ്ബനിയായ ലോകേഷ് കാര്‍ഗോ മൂവേഴ്‌സിന്‍റെ ലോറി (കെഎ 52/ബി 5569) ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീന്‍ഷെഫാണ് കുക്കറുകള്‍ നിര്‍മ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എല്‍.എ ആര്‍. മഞ്ജുനാഥിന്‍റെ ചിത്രം ഓരോന്നിലും ഒട്ടിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇവയ്ക്ക് 8.5 ലക്ഷത്തിലധികം വിലവരും. രാജഗോപാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ബനശങ്കരി ആറാം സ്റ്റേജില്‍ നൈസ് റോഡ് ജംഗ്ഷനിലെ 100 ഫീറ്റ് റോഡില്‍ നിന്നും പണവും കിച്ചന്‍ സെറ്റും അടങ്ങിയ സാധനങ്ങള്‍ പിടിച്ചിരുന്നു. ഇവ കൊണ്ടുവന്ന മാരുതി സുസുക്കി ബ്രസയും പൊലീസ് പിടിച്ചെടുത്തു. 5.5 ലക്ഷം രൂപയോളം വാഹനത്തിലുണ്ടായിരുന്നു. പണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ കാഷ്യര്‍ കളക്ടറാണെന്നും പണം തൊഴിലുടമയുടേതാണെന്നും കാര്‍ ഡ്രൈവര്‍ രാജു എസ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ രാജുവിന് സാധിച്ചില്ല.ശനിയാഴ്ച രാത്രി ടാക്സ് ഇന്‍സ്പെക്ടര്‍ ആനന്ദ് എ ഒയും സംഘവും ശേഷാദ്രിപുരത്തെ സിരൂര്‍ പാര്‍ക്കിലെ ആര്‍ ഗുണ്ടുറാവു ക്രീഡംഗനയില്‍ നിന്ന് 165 പെട്ടികള്‍ പിടിച്ചെടുത്തിരുന്നു. ഓരോ ബോക്സിലും 11 സ്മാര്‍ട്ട് ഷെഫ് ഗിഫ്റ്റ് സെറ്റുകള്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ഹലാസുറുഗേറ്റ്, എസ്‌ജെ പാര്‍ക്ക് പൊലീസ് ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്ത് രേഖകള്‍ പരിശോധിച്ചുവരികയാണ്.