Home Featured RRR Movie : തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ ‘ആർആർആർ’ 25ന്; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

RRR Movie : തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ ‘ആർആർആർ’ 25ന്; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ചിത്രം മാർച്ച് 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിം​ഗ് കേരളത്തിലും ആരംഭിച്ചു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് എച്ച് ആർ പിക്ചേഴ്സ് ഒരുക്കുന്നത്. സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഏകതാ പ്രതിമയുടെ സാന്നിധ്യത്തിൽ പ്രൊമോഷൻ നടത്തുന്ന ആദ്യ ചിത്രമായും ആര്‌ആർആർ മാറി. തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രാജമൗലി കുറിച്ചിരുന്നത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി.

ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group