കരാർ പ്രകാരമുള്ള സിനിമയുടെ പ്രൊമോഷനില്‍ ബിജു മേനോൻ എത്താത്തിന്റെ പേരില്‍ പ്രൊഡ്യൂസേർസ് അസോസിയേഷൻ നടനെതിരെ രംദത്ത് വന്നിരിക്കുകയാണ്.ബിജു മേനോൻ പ്രൊമോഷന് എത്താത്തതിന്റെ പേരില്‍ 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ആരോപണം. നടന്ന സംഭവം എന്ന സിനിമയാണ് സംഭവത്തിനാധാരം. ബിജു മേനോൻ പ്രൊമോഷന് എത്താതെ ഉഴപ്പി എന്നാണ് ഈ സിനിമയുടെ നിർമാതാവ് അനൂപ് കണ്ണൻ. നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അനൂപ് കണ്ണൻ.ബിജു മേനോനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം ബിജു മേനോനുണ്ട്. സിനിമാ പ്രൊമോഷൻ ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. നടൻ നിർമാതാവിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കേണ്ടതായിരുന്നു എന്നാണ് വിമർശകർ പറയുന്നത്.അതേസമയം ബിജു മേനോനെ അനുകൂലിക്കുന്നവരുമുണ്ട്. പ്രാെമോഷൻ കൊണ്ട് മാത്രം സിനിമ വിജയിക്കില്ല. നടന്ന സംഭവം അത്ര മികച്ച സിനിമയായിരുന്നില്ലെന്ന് ഇവർ പറയുന്നു. പ്രൊമോഷൻ പരിപാടികള്‍ പലപ്പോഴും അഭിനേതാക്കള്‍ക്ക് തലവേദനയാണ്. ഒരു സിനിമ അഭിനയിച്ച് കഴിഞ്ഞ് അടുത്ത സിനിമയുടെ ഷൂട്ടിന് പോകുന്നവരാണ് മിക്ക നടീനടൻമാരും. ആദ്യം ചെയ്ത സിനിമയുടെ റിലീസ് നീണ്ട് പോയാല്‍ ഇവർക്ക് പ്രൊമോഷനെത്തുക ശ്രമകരമാണ്. കാരണം മറ്റൊരു സിനിമയുടെ ഷൂട്ട് നിർത്തി ഇവർ എത്തേണ്ടി വരും. പ്രൊമോഷന് വരുന്നില്ല, പ്രതിഫലം കൂട്ടുന്നു എന്നെല്ലാം ആരോപിച്ച് സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവർ പലർക്കെതിരെയും രംഗത്ത് വരാറുണ്ട്. എന്നാല്‍ പ്രബലർക്കെതിരെ സംസാരിക്കാൻ ഇവർ മടിക്കുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാല്‍ തന്റെ സിനിമകളുടെ പ്രൊമോഷന് എത്താറില്ല. അതില്‍ ആർക്കും പരാതിയില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. എന്തിന് പ്രണവിന് പ്രത്യേക പരിഗണന കൊടുക്കുന്നു. രാജാവിന്റെ മകൻ ആയത് കൊണ്ടാണോ എന്നാണ് ഇവരുടെ ചോദ്യം.ഓണ്‍ലെെൻ മീഡിയകളിലൂടെയുള്ള സിനിമാ പ്രൊമോഷൻ അടുത്ത കാലത്താണ് മലയാള സിനിമാ രംഗത്ത് വ്യാപകമായത്. മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ റീച്ച് ഓണ്‍ലെെൻ മീഡിയകളിലൂടെ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ നിർമാതാക്കള്‍ ഇത്തരം മീഡിയകളെ സമീപിച്ചു. എന്നാല്‍ അഭിനേതാക്കളില്‍ പലർക്കും ഇതില്‍ താല്‍പര്യമില്ല. കാരണം സിനിമാ പ്രാെമോഷനെന്ന പേരില്‍ അഭിമുഖം നല്‍കുമ്പോള്‍ പലപ്പോഴും സിനിമയ്ക്കപ്പുറത്തുള്ള, വ്യക്തിപരമായ കാര്യങ്ങളാണ് അഭിമുഖങ്ങളില്‍ ചർച്ചയാകുക. പോരാത്തതിന് എന്തെങ്കിലും പരാമർശം നടത്തിയാല്‍ വിവാദമുണ്ടാക്കാൻ കാത്തിരിക്കുന്ന റിയാക്ഷൻ വ്ലോഗേർസ് വേറെയും. ചുരുക്കത്തില്‍ സിനിമാ പ്രൊമോഷന് വരുന്ന താരങ്ങള്‍ ഇവർക്ക് മറ്റൊരു കണ്ടന്റാകുന്നു.പ്രണവ് പൊതുവേ ഉള്‍വലിഞ്ഞ പ്രകൃതക്കാരനാണ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപൂർവമായേ സംസാരിക്കാറുള്ളൂ. പ്രണവ് പ്രൊമോഷന് എത്തിയില്ലെങ്കിലും മാർക്കറ്റിംഗിനെ ഇത് കാര്യമായി ബാധിക്കാറില്ല. കാരണം പ്രണവാണ് നായകനെങ്കില്‍ സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹെെപ്പുണ്ടാകും. ഡിയസ് ഇറ ആണ് പ്രണവിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. മികച്ച വിജയം നേടിയ സിനിമയാണിത്.