വിവാഹച്ചടങ്ങുകള്‍ക്കിടെ പവര്‍ കട്ട് (power cut) ഉണ്ടായതിനെത്തുടര്‍ന്ന് ആളു മാറി വിവാഹം കഴിച്ച് വധൂവരന്മാര്.ഇതോടെയാണ് സംഭവിച്ച അബദ്ധം വധൂവരന്മാരടക്കം എല്ലാവര്ക്കും മനസിലായത്. എന്നാല്‍ കുടുംബാംഗങ്ങള്‍ കൂടിയിരുന്ന് ആലോചിച്ചതിനു ശേഷം ചടങ്ങുകള്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള വരന്മാരോടൊപ്പം വിവാഹച്ചടങ്ങുകള്‍ വീണ്ടും നടത്തുകയും ചെയ്തു.
മധ്യപ്രദേശിലെ ഉജ്ജയിനിലാണ് (Ujjain) സംഭവം. ഒരു കുടുംബത്തിലെ രണ്ടു പേരുടെ വിവാഹം ഒരേ സമയം നടന്നതും വൈദ്യുതി മുടങ്ങിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പവര്‍ കട്ടിനെത്തുടര്‍ന്ന്, തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ടിരുന്ന വരന്മാരുടെ അടുത്തായിരുന്നില്ല രണ്ട് വധുക്കളും ഇരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്.
ദിവസേന രാത്രി 7 മണി മുതല്‍ അര്‍ധരാത്രി 12 വരെ ഇവിടെ വൈദ്യുതി മുടങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുട്ടില്‍ പരസ്പരം മനസിലാകാതെ പോയതാണ് ഈ അബദ്ധം സംഭവിക്കാന്‍ കാരണമായതെന്ന് ഇരുകുടുംബങ്ങളും പറഞ്ഞു. വരന്റെ വീട്ടുകാര്‍ക്ക് ഇരുട്ടില്‍ വധുക്കളെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഒരേപോലുള്ള വസ്ത്രങ്ങളാണ് സഹോദരിമാര്‍ ധരിച്ചിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പവര്‍ക്കട്ടിനിടെ ആളു മാറി ചടങ്ങുകള്‍ നടത്തിയെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസിലായതെന്നും പിന്നീട് ശരിയായ ജോഡികള്‍ തമ്മില്‍ വീണ്ടും ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച രമേഷ് റിലോട്ട് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. റിലോട്ടിന്റെ മൂന്ന് പെണ്മക്കളുടെയും ഒരു മകന്റെയും വിവാഹം ഒരേ ദിവസമാണ് നടത്താന്‍ തീരുമാനിച്ചത്. കോമള്‍ എന്ന മകള്‍ രാഹുലിനെയും നികിത എന്ന മകള്‍ ഭോലയെയും കരിഷ്മ എന്ന മകള്‍ ഗണേഷിനെയും ആണ് വിവാഹം കഴിക്കേണ്ടിയിരുന്നത്. കോമളിന്റെ വിവാഹ ഘോഷയാത്ര പകല്‍ തന്നെ വീട്ടിലെത്തുകയും വൈകുന്നേരത്തോടെ വിവാഹം നടക്കുകയും ചെയ്തു. രാത്രി 11 മണിയോടെയാണ് ബദ്നഗറിലെ ദംഗവാഡയില് നിന്ന് കരിഷ്മയുടെയും നികിതയുടെയും വരന്മാര് എത്തിയത്. ഈ സമയത്താണ് പവര്‍ കട്ട് ഉണ്ടായത്. പ്രാരംഭ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, നികിത ഗണേഷിനൊപ്പവും കരിഷ്മ ഭോലയ്ക്കൊപ്പവും പൂജ നടത്തി. ദമ്ബതികളെ മണ്ഡപത്തില്‍ കയറ്റാനൊരുങ്ങിയപ്പോളാണ് ആളു മാറിപ്പോയ കാര്യം മനസിലാക്കിയത്.
വിവാഹത്തെ തുടര്‍ന്ന് ഉണ്ടായ ചെറിയ തര്‍ക്കങ്ങള്‍ക്കു ശേഷം, വീട്ടുകാര്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വരന്മാരോടൊപ്പം വീണ്ടും ചടങ്ങുകള്‍ നടത്താന്‍ സമ്മതിച്ചു. അതിനു ശേഷം വിവാഹ ഘോഷയാത്രയും നടത്തി.
എന്നാല്‍, എല്ലാ വിവാഹച്ചടങ്ങുകളും നിശ്ചയിച്ച പ്രകാരമുള്ള ആളുകളോടൊപ്പമല്ല നടന്നതെന്നും ഇത് ആദ്യം വീട്ടുകാര്‍ സമ്മതിച്ചു തന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസം തര്‍ക്കങ്ങള്‍ നടന്ന ശേഷം വീട്ടുകാരുമായി വധൂവരന്മാര് ഞായറാഴ്ച തിരിച്ചെത്തിയെന്നും പുരോഹിതന്റെ സാന്നിധ്യത്തില്‍ ശരിയായ ജോഡിയ്ക്കൊപ്പം വീണ്ടും വിവാഹം നടത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.