ബംഗളൂരു: അന്തരിച്ച യുവനടന് പുനീത് രാജ്കുമാറിനെ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കരുവാക്കി പോസ്റ്റ് കാര്‍ഡ് ന്യൂസ്.കള്ളവാര്‍ത്തകളുടെയും വര്‍ഗീയ വിദ്വേഷ വാര്‍ത്തകളുടെയും പേരില്‍ നിയമനടപടി നേരിട്ട ഹിന്ദുത്വ അനുകൂല ഓണ്‍ലൈന്‍ മാധ്യമംകൂടിയാണ് മഹേഷ് ഹെഗ്ഡെ എഡിറ്ററായ പോസ്റ്റ് കാര്‍ഡ് ന്യൂസ്. സാന്‍ഡല്‍വുഡ് സൂപ്പര്‍ സ്റ്റാറായിരുന്ന പുനീതിന്റെ ജന്മദിനം വ്യാഴാഴ്ചയായിരുന്നു. ഈ ദിവസമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജെയിംസ്’ തിയറ്ററുകളിലെത്തിയത്.എന്നാല്‍, ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിംകള് ബന്ദ് വ്യാഴാഴ്ച ആചരിച്ചിരുന്നു. സിനിമയുടെ റിലീസിങ്ങും ബന്ദ് ദിനാചരണവും ആകസ്മികമായി ഒരു ദിവസത്തിലായതിനെയാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ് വര്‍ഗീയമായി ചിത്രീകരിച്ചത്.ചിത്രത്തിന്റെ റിലീസിങ്ങിന്റെയും ബന്ദിന്റെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍, ‘ശാന്തിയുടെ അംബാസഡറായിരുന്ന പുനീതിനെ അപമാനിക്കുന്നതാണിത്.പുനീതിന്റെ ജന്മദിനത്തില്‍തന്നെ എന്തുകൊണ്ടാണ് മുസ്ലിംകള് കര്‍ണാടക ബന്ദ് തിരഞ്ഞെടുത്തത്? ഇതുവഴി കന്നഡ മണ്ണിനെയാണ് മുസ്ലിംകള് അപമാനിച്ചത്’ എന്ന് പോസ്റ്റ് ചെയ്തു. എന്നാല്‍, രണ്ട് വ്യത്യസ്ത സംഭവങ്ങളെ കൂട്ടിച്ചേര്‍ത്ത് വര്‍ഗീയ വിദ്വേഷം പരത്താന്‍ നടത്തിയ ശ്രമത്തെ സമൂഹമാധ്യമങ്ങളില്‍ പലരും എതിര്‍ത്തു. പുനീതിനോട് സ്നേഹമുണ്ടെങ്കില്‍ ബി.ജെ.പി പ്രൊപഗണ്ടയായ ‘കശ്മീര്‍ ഫയല്‍സ്’ സിനിമക്ക് കര്‍ണാടക സര്‍ക്കാര്‍ നികുതി ഒഴിവാക്കിയതുപോലെ ‘ജെയിംസ്’ സിനിമക്കും നികുതി ഒഴിവാക്കുമോ എന്ന് ചിലര്‍ കമന്റ് ചെയ്തു. മഹാനായ നടന് രാജ്കുമാറിന്റെ കുടുംബത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷം പരത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്വേഷ പ്രചാരണത്തിന് പുനീത് രാജ്കുമാറിനെ കരുവാക്കി പോസ്റ്റ് കാര്‍ഡ്
previous post