ചെന്നൈ : പോർട്ട് ട്രസ്റ്റിലെ തട്ടിപ്പുമായി ബന്ധപ്പെട്ടു നടന്ന കള്ളപ്പണം വെളുപ്പിക്കൽ സംഭവത്തിൽ 5.74 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. പോർട്ട് ട്രസ്റ്റ് അക്കൗണ്ടിന്റെ പേരിൽ വ്യാജ സ്ഥിരനിക്ഷേപ രസീതുകൾ സമർപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.
ചെന്നൈ പോർട്ട് ട്രസ്റ്റിന്റെ പേരിൽ വ്യാജ കറന്റ് അക്കൗണ്ട് തുറന്ന് 45.40 കോടി രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്താണ് അന്വേഷിച്ചത്. ഇത്തരത്തിൽ തിരിമറി നടത്തിയ പണം കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗിച്ചെന്നാണ് ഇഡി കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ ഭാഗമായി 230 ഏക്കർ ഭൂമി, 20 പ്ലോട്ടുകൾ, സ്വർണം, വാഹനങ്ങൾ, ചില ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ 47 സ്വത്തുക്കളും ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്.