ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡല്‍ഹിയില്‍ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ. ജനുവരി രണ്ടാം തീയതി മാത്രം പിഴയിനത്തില്‍ ലഭിച്ച തുകയാണിത്. 45 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പുതുവത്സര ദിനമായ ജനുവരി ഒന്നിന് 66 കേസുകളാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 99 ലക്ഷം രൂപ പിഴയായി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
3,194 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിത്തിനിടെ കോവിഡ് കേസുകളില്‍ 17 ശതമാനം വര്‍ധനവുണ്ടായതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. മെയ് 20ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജി.ആര്‍.എ.പി പ്രകാരം ഡല്‍ഹിയിലെ രോഗവ്യാപന തോത്, പോസിറ്റിവിറ്റി നിരക്ക് എന്നിവ കണക്കിലെടുത്ത് ലെവല്‍ 1 പ്രകാരം യെല്ലോ അലര്‍ട്ട് സോണായി പ്രഖ്യാപിച്ചു.
0.5 ശതമാനത്തില്‍ മുകളില്‍ പോസിറ്റിവിറ്റി നിരക്ക് വരുന്ന പ്രദേശങ്ങളാണ് യെല്ലോ അലര്‍ട്ട് സോണില്‍ ഉള്‍പ്പെടുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ ശാലകള്‍ ഒറ്റ, ഇരട്ട അടിസ്ഥാനത്തില്‍ തുറക്കാന്‍ അനുമതി നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.