ബംഗളൂരു: ഉഡുപ്പി കോട്ടയില്‍ ആദിവാസി വിഭാഗമായ കൊറഗരുടെ വിവാഹപ്പന്തലില്‍ പൊലീസിെന്റ അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാത്രി നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിനിടെയാണ് അതിക്രമം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആദിവാസികള്‍ക്കുനേരെ നടന്ന മനുഷ്യാവകാശ ലംഘനം വിവാദമായതോടെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത അധികൃതര്‍ സംഭവത്തിലുള്‍പ്പെട്ട ആറു പൊലീസുകാരെ സ്ഥലംമാറ്റി. വിവാഹപ്പന്തലിലെ പൊലീസ് ലാത്തിച്ചാര്ജിെന്റ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ബ്രഹ്മാവര്‍ താലൂക്കിലെ കോട്ട കൊട്ടത്തട്ട് ഗ്രാമപഞ്ചായത്തിലാണ് സംഭവം. വിവാഹപ്പന്തലില്‍ ഉച്ചത്തില്‍ പാട്ടുവെച്ചെന്ന് അയല്‍ക്കാര്‍ പരാതി അറിയിച്ചതിനെത്തുടര്‍ന്നാണ് രാത്രി 9.30 ഓടെ പൊലീസുകാരെത്തിയത്. എന്നാല്‍, സ്പീക്കറിെന്റ ശബ്ദം കുറക്കാമെന്ന് സമ്മതിച്ചിട്ടും ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് ആദിവാസി ആക്ടിവിസ്റ്റ് ശ്രീധര്‍ നാട ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളിയായി ജോലിചെയ്യുന്ന രാജേഷ് എന്ന യുവാവിെന്റ വിവാഹമായിരുന്നു. വരനായ രാജേഷിനും പൊലീസിെന്റ അടികിട്ടിയതായി അവര്‍ ചൂണ്ടിക്കാട്ടി. വരനടക്കം അഞ്ചുപേരെ പൊലീസ് വലിച്ചിഴച്ച് കോട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ എസ്.ഐ വി.പി. സന്തോഷിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസികള്‍ പ്രതിഷേധ സമരം നടത്തി.
സംഭവം വിവാദമായതോടെ എസ്.ഐയെ ഉഡുപ്പി എസ്.പി എന്‍. വിഷ്ണുവര്ധന് അന്വേഷണവിധേയമായി ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയില്‍ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും കേരളത്തില്‍ കാസര്‍കോടും കൂടുതലായി താമസിക്കുന്നവരാണ് കൊറഗ ആദിവാസി വിഭാഗം. കഴിഞ്ഞ കുറച്ചുദശകങ്ങളായി ഈ വിഭാഗത്തിെന്റ ജനസംഖ്യ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 16,000ത്തോളം കൊറഗര്‍ മാത്രമാണുള്ളതെന്നാണ് കണക്ക്. ഇതില്‍ 9,000 ത്തോളം പേര് താമസിക്കുന്നതും ഉഡുപ്പിയിലാണ്.
ലിപിയിലാത്ത കൊറഗ ഭാഷയാണ് ഇവരുടെ തനത് ഭാഷ. സാധാരണ കൊറഗര്‍ സമുദായത്തിന് പുറത്തുനിന്നാണ് വിവാഹം കഴിക്കാറുള്ളതെന്നും അപൂര്‍വമായാണ് സമുദായത്തിനകത്തുനിന്ന് വിവാഹം കഴിക്കുന്നതെന്നും ആക്ടിവിസ്റ്റ് ശ്രീധര്‍ പറഞ്ഞു. കോട്ടയില്‍ നടന്ന വിവാഹം അത്തരത്തിലുള്ളതായതിനാലാണ് ആഘോഷപൂര്‍വം പാട്ടുവെച്ചത്. അക്കാരണത്താല്‍ പൊലീസ് വിവാഹപ്പന്തലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ കൊറഗരെ ആക്രമിച്ച പൊലീസ് നടപടിയില്‍ ശക്തമായി അപലപിക്കുന്നതായി പിന്നാക്ക വിഭാഗ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വ്യാഴാഴ്ച വരെന്റ കുടുംബത്തെ താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.