ബെംഗളൂരു∙ അപകടങ്ങൾ തുടരുന്ന 119 കിലോമീറ്റർ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിത വേഗം തിരിച്ചറിയാൻ സ്പീഡ് റഡാർ ഗണ്ണുകൾ സ്ഥാപിക്കാൻ പൊലീസ്. മണിക്കൂറിൽ 100 കിലോമീറ്ററെന്ന വേഗപരിധി കടക്കുന്ന വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്താനാണിത്. നിയമ ലംഘനം തുടർന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനും നീക്കമുണ്ട്.റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി അലോക് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ തുടർച്ചയാണിത്.
രാമനഗരയിലും മണ്ഡ്യയിലുമാകും സ്പീഡ് റഡാർ ഗണ്ണുകൾ സ്ഥാപിക്കുക. ഡ്രൈവർക്ക് സ്വന്തം വാഹനത്തിന്റെ വേഗമെത്രയെന്ന് കാണാൻ കഴിയുന്ന സ്ക്രീനോടെയുള്ള സംവിധാനമാണിത്. വേഗ പരിധി പിന്നിടുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്യാമറകളിൽ പതിയും. ഇത്തരം വാഹനങ്ങളെ ടോൾ പ്ലാസകളിൽ തടഞ്ഞ് പിഴ ഈടാക്കാനാണ് നീക്കം.
എഐ ക്യാമറകളും സ്ഥാപിക്കും:അടുത്ത ഘട്ടത്തിൽ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗ്നീഷൻ ക്യാമറകളും സ്ഥാപിക്കുമെന്ന് അലോക് കുമാർ പറഞ്ഞു. ദേശീയ പാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയതിനു ശേഷം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോകും.രാമനഗരയിലും മണ്ഡ്യയ്ക്കും ഇടയിൽ 18 സ്ഥിരം അപകട മേഖലകളാണ് പൊലീസ് കണ്ടെത്തിയത്. എക്സ്പ്രസ്‌വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിരോധിക്കുന്നതും തെരുവ് വിളക്കുകൾ, നടപ്പാതകൾ, കൂടുതൽ സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.
നൈസ് റോഡിലും ടോൾ വർധിപ്പിച്ചു :നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) റോഡിലെ ടോൾ നിരക്ക് ഇന്നു മുതൽ 11 % വർധിക്കും. കഴിഞ്ഞ ജൂലൈയിൽ ടോൾ 11–20 % വർധിപ്പിച്ചിരുന്നു. ബെംഗളൂരു മുതൽ മണ്ഡ്യയിലെ ശ്രീരംഗപട്ടണ വരെയുള്ള 111 കിലോമീറ്റർ റോഡാണിത്. ഇതിൽ ഹൊസൂർ റോഡിനെയും തുമക്കൂരു റോഡിനെയും ബന്ധിപ്പിക്കുന്ന 41 കിലോമീറ്ററിലാണ് ടോൾ ഈടാക്കുന്നത്. അറ്റകുറ്റപ്പണിയുടെ ചെലവ് വർധിച്ചതിനാലാണ് ടോൾ കൂട്ടുന്നതെന്നു അധികൃതർ അറിയിച്ചു. എന്നാൽ സമീപ ദിവസങ്ങളിലായി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും ഇതു പരിഹരിക്കാതെ ടോൾ വർധിപ്പിക്കുന്നത് അന്യായമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.