കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ കോളേജുകളില്‍ ശിരോവസ്ത്രം (ഹിജാബ്) ധരിച്ചവരെ ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് അന്വേഷണം. പെണ്‍കുട്ടികള്‍ക്ക് ഏെതങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ ഏതെങ്കിലും യോഗങ്ങളില്‍ പെങ്കടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്‍കി.
ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കും. ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിക്കുന്നത്. സമരക്കാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പ്രചരണവും ശക്തമാണ്.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ കര്‍ണാടകയില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നുണ്ട്. ഹിജാബ് ധരിച്ചവര്‍ക്ക് കോളേജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹിജാബ് നിരോധന തീരുമാനം ഇതുവരെ കോടതി മരവിപ്പിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ഹിജാബ് ധരിച്ചവര്‍ക്ക് കോളജില്‍ പ്രവേശിക്കാനാകാത്ത സാഹചര്യമാണുള്ളത്. ഹരജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഹിജാബ് നിരോധന തീരുമാനത്തിനെതിരെ കോടതി ഇടക്കാല സ്റ്റേയെങ്കിലും നല്‍കിയില്ലെങ്കില്‍, കോടതി വിധി വരുന്നത് വരെ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്ത് തന്നെ നില്‍ക്കേണ്ടി വരും.