Home Featured സ്ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി: വീട്ടിൽ നിന്നും കുക്കർ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി

സ്ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി: വീട്ടിൽ നിന്നും കുക്കർ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി

by കൊസ്‌തേപ്പ്

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തി കർണാടക പൊലീസ്. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും കുക്കർ ബോംബും, സ്ഫോടക വസ്തുകളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരൻ മുൻ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ എത്തിയത്. ശിവമോഗ്ഗ സ്വദേശി ഷാരിക് എന്നയാളാണ് സ്ഫോടനത്തിന് പിന്നിൽ. 2020-ൽ ഇയാളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ മൈസൂരുവിൽ വീട് വാടകക്കെടുത്തത്.

മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം വ്യക്തമായെന്ന് കർണാടക പൊലീസ്. വലിയ സ്ഫോടനത്തിനാണ് ലക്ഷ്യമിട്ടതെന്ന് കർണാടക ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ മംഗളുരുവിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇന്നലെ വൈകിട്ട് 5.10ന് ആണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ തീപിടിച്ച് സ്ഫോടനം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വിശദമായ അന്വേഷണത്തിൽ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായെതെന്ന് കണ്ടെത്തി. 

പ്രഷർ കുക്കർ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. ബോംബ് സ്‌ക്വാഡും ഫോറെൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതിനു പിന്നാലെയാണ് സ്ഫോടനത്തിന് പിന്നിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്.  കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തു. വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. പിന്നിൽ ഏത് സംഘടനയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ മംഗളുരുവിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകി.

ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനായും ഷാരിഖും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരും ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന നിലയിലല്ല. അതിനാൽ തന്നെ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. ഷാരികിനെ കുറിച്ച് അന്വേഷിച്ചതിൽ ഇയാളൊരു വ്യാജ ആധാർ കാർഡ് ഉപയോഗിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ഇയാൾ സഞ്ചരിച്ചിരുന്നുവെന്നും കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും ഇയാളൊരു വ്യാജസിം എടുത്തതായും വ്യക്തമായിട്ടുണ്ട്. ഇയാളുടെ കോൾ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നോ എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല – മംഗളൂരു പൊലീസ് വ്യക്തമാക്കി. 

മംഗളുരു സ്‌ഫോടനം: പ്രതിയുടെ പക്കലുണ്ടായിരുന്ന ആധാര്‍ റെയില്‍വേ ജീവനക്കാരന്റേത്

മംഗളുരു: മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതി ഉപയോഗിച്ചിരുന്ന ആധാര്‍ കാര്‍ഡിന്റെ ഉടമയെ കണ്ടെത്തി.

കര്‍ണ്ണാടകയിലെ ഹുബ്ബള്ളി ജില്ലയില്‍ താമസിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരുവിവരങ്ങളാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നയാളുടെ കൈവശമുണ്ടായിരുന്നത്. ഇന്ത്യന്‍ റെയില്‍വേയിലെ തുംകുരു ഡിവിഷനിലെ റെയില്‍വേ ജീവനക്കാരനായ പ്രേംരാജ് ഹുതാഗിയുടെ ആധാര്‍ കാര്‍ഡാണ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ തന്റെ ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടതായി ഇയാള്‍ പറയുന്നു. എന്നാല്‍ എവിടെയാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി അറിയില്ലെന്നും ഇയാള്‍ പറയുന്നു.

ഏകദേശം 7:30 ഓടെ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറില്‍ നിന്ന് കോള്‍ വന്നു. എന്റെ ആധാര്‍ കാര്‍ഡ് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. എന്റെ മാതാപിതാക്കളെക്കുറിച്ചും അവര്‍ എന്നോട് ചോദിച്ചു. എന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കിയതായും പ്രേംരാജ് പറഞ്ഞു. മംഗളുരുവില്‍ സ്‌ഫോടനം നടന്നതായി പോലീസ് അറിയിച്ചതിന് ശേഷമാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. എന്റെ ആധാര്‍ കാര്‍ഡ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടെന്നത് ശരിയാണ്. എന്നാല്‍ മംഗലാപുരത്തല്ല നഷ്ടമായത്. യുണീക് ഐഡിയുള്ളതിനാല്‍ മറ്റൊരു കാര്‍ഡ് പ്രിന്റ് ചെയ്തതുകൊണ്ടുതന്നെ കാര്‍ഡ് നഷ്ടപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രേംരാജ് പറയുന്നു. ഇത് ഇത്രത്തോളം ദുരുപയോഗം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സ്ഫോടനം ആകസ്മികമായി ഉണ്ടായതല്ലെന്നും ഭീകര പ്രവര്‍ത്തനമാണെന്നും സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് അറിയിച്ചിരുന്നു. ഗുരുതരമായ നാശനഷ്ടം വരുത്താന്‍ ഉദ്ദേശിച്ചുള്ള ഭീകരപ്രവര്‍ത്തനമാണ്. കര്‍ണാടക പോലീസ് കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. സുരക്ഷാ പരിശോധന ഒഴിവാക്കാന്‍ ഓട്ടോറിക്ഷയില്‍ ബോംബ് കടത്തിയതായാണ് സംശയം.

ശനിയാഴ്ച്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഡ്രൈവര്‍ക്കും യാത്രക്കാരനും പൊള്ളലേറ്റിരുന്നു. യാത്രക്കാരന്റെ ബാഗില്‍ എന്തോ ഉണ്ടായിരുന്നെന്നും അതാണ് തീപിടിത്തതിന് കാരണമായതെന്നുമാണ് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. അതേസമയം ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നിട്ടില്ലെന്നും തീപിടിത്തമാണുണ്ടായതെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് പോലീസ് നേരത്തെ പറഞ്ഞത്. സംഭവത്തിന് പിന്നിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇപ്പോഴിതാ, സ്‌ഫോടനം ആകസ്മികമല്ലെന്നും ഗുരുതരമായ നാശനഷ്ടം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ഭീകരാക്രമണമാണെന്നുമാണ് പോലീസ് സ്ഥിരീകരിക്കുന്നത്.കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന പൊലീസും സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും മംഗലാപുരത്തേക്ക് എത്തിയിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണത്തിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അലോക് കുമാര്‍ ഉത്തരവിട്ടു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന കുക്കറിനുള്ളില്‍ നിന്ന് നാല് ബാറ്ററികളും സര്‍ക്യൂട്ട് വയറുകളും കണ്ടെടുത്തു.

മംഗളൂരു റെയില്‍വേ ജംഗ്ഷന്‍ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയില്‍ നാഗൂരിയില്‍ നിന്നാണ് യാത്രക്കാരന്‍ കയറിയത്. ദുര്‍ഗ പരമേശ്വരി എന്നയാളുടെ പേരിലാണ് ഓട്ടോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group