ബെംഗളൂരു : ബെംഗളൂരു ‘സേഫ് സിറ്റിപദ്ധതിയുടെ ഭാഗമായി പോലീസ് കമ്മിഷണർ ഓഫീസിൽ പുതിയതായി ആരംഭിച്ച കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.ആദ്യദിവസം ബാനസവാടിയിൽ നിന്നുള്ള സ്ത്രീയാണ് പിടിച്ചുപറിയെക്കുറിച്ച് പരാതിപറയാൻ വിളിച്ചത്. ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ജീവനക്കാർ ഏഴു മിനിറ്റിനകം പോലീസ് പട്രോളിങ് സംഘത്തെ സ്ഥലത്തേക്ക് അയക്കുമെന്ന് അറിയിച്ചു.നഗരത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാകും കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.
പദ്ധതിപ്രകാരം കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,000 സി.സി.ടി.വി. ക്യാമറകൾ, 50 സേഫ്റ്റി ഐലൻഡുകൾ, 158 നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. 661 കോടിരൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ, ഡി.ജി.പി. അലോക് മോഹൻ, സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ എന്നിവർ പങ്കെടുത്തു.
മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയില്‍
മുംബൈ വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പിടിയില്‍.തിരുവനന്തപുരം സ്വദേശി അമീൻ (23) ആണ് മുംബൈ എ.ടി.എസിന്റെ പിടിയിലായത്.പത്തുലക്ഷം യു.എസ് ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കുമെന്നായിരുന്നു ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ 11നാണ് സന്ദേശം വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചത്. ഇതേതുടര്‍ന്നാണ് എ.ടി.എസ് അന്വേഷണം ആരംഭിച്ചത്. മുംബൈയില്‍ നിന്നെത്തിയ സംഘം അമീനുമായി തിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ അന്വേഷണ സംഘവും കേരള പൊലീസും തയാറായിട്ടില്ല.