ബംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ചിത്രദുര്‍ഗ മുരുഗരാജേന്ദ്ര മഠം തലവൻ ശിവമൂര്‍ത്തി മുരുഗ ശരണരുവിനെതിരെ മറ്റൊരു സമാന കേസില്‍ അറസ്റ്റ് വാറന്റ്.ചിത്രദുര്‍ഗ സെക്കൻഡ് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് തിങ്കളാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആദ്യത്തെ പോക്സോ കേസില്‍ അറസ്റ്റിലായി 14 മാസം ജയിലിലായിരുന്നു ഇയാള്‍. പിന്നീട് നാലുദിവസം മുമ്ബാണ് ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിനുശേഷം ദാവൻഗരെയിലെ വിരക്ത മഠത്തിലായിരുന്നു താമസം. രണ്ടാം പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി വാറന്റ് നല്‍കിയിരിക്കുന്നത്.
മഠത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ കേസിലാണ് ഇയാള്‍ 2022 സെപ്റ്റംബറില്‍ അറസ്റ്റിലാകുന്നത്. 2023 ആഗസ്റ്റില്‍ രണ്ടുപെണ്‍കുട്ടികളും മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡനും മറ്റ് രണ്ട് പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, വാറന്റിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മഠാധിപന്റെ അഭിഭാഷകര്‍ അറിയിച്ചു.