മംഗ്‌ളുറു: മലയാളികളുടെ സ്വന്തം മംഗ്‌ളുറു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നാല്, അഞ്ച് പ്ലാറ്റ് ഫോമുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍.ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്റെ റവന്യൂ വരുമാനത്തില്‍ 90 ശതമാനം അവകാശപ്പെടുന്ന ഈ സ്റ്റേഷന് ഇത് കൂടുതല്‍ കുതിപ്പേകും. പ്ലാറ്റ് ഫോം പരിമിതി കാരണം മംഗ്‌ളുറു ജന്‍ക്ഷന്‍ റയില്‍വെ സ്റ്റേഷന്‍ വഴി കടന്നു പോവുന്ന പല ട്രെയിനുകളും സെന്‍ട്രലിലേക്ക് നീട്ടണമെന്ന ആവശ്യം ചുവപ്പ് സിഗ്‌നലിലാണ്.
പ്ലാറ്റ് ഫോമുകളുടെ പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയായതായി ദക്ഷിണ റയില്‍വെ പാലക്കാട് ഡിവിഷന്‍ പിആര്‍ഒ എംകെ ഗോപിനാഥന്‍ ‘കാസര്‍കോട് വാര്‍ത്ത’യോട് പറഞ്ഞു. ട്രാകുകളില്‍ കോണ്‍ക്രീറ്റ് സ്ലീപറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗതിയിലാണ്. എല്ലാ പ്രധാന പ്രവൃത്തികളും നടപ്പു സാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാവും. 540 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പ്ലാറ്റ് ഫോമുകള്‍ പണിതത്. 4.50 കോടി രൂപയാണ് ചിലവ്.
പുതിയ പ്ലാറ്റ് ഫോമുകളിലേക്ക് പുറത്തെ റോഡില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനാവില്ല. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിലൂടെയും രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളിലേക്ക് കിഴക്ക് നിന്നും കടക്കാം. നാല്, അഞ്ച് പ്ലാറ്റ് ഫോമുകളിലേക്ക് ഇലക്‌ട്രോണിക് പടവുകളോടെ സ്ഥാപിക്കുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയതായി ഗോപിനാഥന്‍ പറഞ്ഞു. യാത്രക്കാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, റയില്‍വെ പൊലീസ്, കാന്റീന്‍-സ്റ്റാള്‍ നടത്തിപ്പുകാര്‍ തുടങ്ങി എല്ലായിടത്തും മലയാളികള്‍ നിറയുന്നതാണ് മംഗ്‌ളുറു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍.
കാസര്‍ക്കോട്ടുകാരനായ അടൂര്‍ ബി ഇബ്രാഹിം ദക്ഷിണ കന്നഡ ജില്ല ഡെപ്യൂടി കമീഷണറായി മംഗ്‌ളൂറില്‍ പ്രവര്‍ത്തിച്ച നാളുകളില്‍ നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ വികസനം. ഈ സ്റ്റേഷന്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പെടുത്താന്‍ കടുത്ത സമ്മര്‍ദങ്ങള്‍ നടന്ന വേളയിലായിരുന്നു ആ ചെറുത്തുനില്‍പ്പ്.
ആല്‍മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധമായിരുന്നു നിക്ഷിപ്ത താല്പര്യക്കാരുടെ ഒടുവിലത്തെ ഈര്‍ച്ചവാള്‍ പ്രയോഗം. 50ഉം 20ഉം വര്‍ഷം പഴക്കമുള്ള ആലുകള്‍ വൃക്ഷസ്‌നേഹത്തിനപ്പുറത്തെ വികാരമായി പന്തലിച്ചപ്പോള്‍ റയില്‍വെ അധികൃതര്‍ ഒന്ന് പകച്ചതാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജീത് മിലന്‍ റോചെയുടെ ആശയം റോടറി ക്ലബ് ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടു. യന്ത്രക്കെകള്‍ മരങ്ങള്‍ക്ക് ചുറ്റും കുഴിയെടുത്തു. അത്യാധുനിക യന്ത്രങ്ങളുടേയും ക്രയിനുകളുടേയും സഹായത്തോടെ ആലുകള്‍ കോരിയെടുത്ത് 200 മീറ്റര്‍ അകലെ പ്രതിഷ്ഠിച്ചു.