ബംഗളൂരു: ലാൽബാഗിലെ പുഷ്പമേളയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് 100% വിലക്ക് . പ്ലാസ്റ്റിക്വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആവശ്യക്കാർക്ക് തത്സമയം സൗജന്യമായി തുണി സഞ്ചികൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് ഹോർട്ടികൾചർ വകുപ്പ് തുടക്കമിട്ടു. പഴയ തുണികളുമായി എത്തുന്നവർക്ക് സൗജന്യമായി തുണിസഞ്ചി തുന്നി നൽകും.
പഴയ സാരികൾ, ബെഡ്ഷീറ്റ്, ടീഷർട്ട്, കുർത്ത എന്നിവയെല്ലാം സന്ദർഷകർക്ക് കൊണ്ടു വരാവുന്നതാണ് . 2 വർഷം വരെ ഈ തുണിസഞ്ചികൾ ഉപയോഗിക്കാമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.നഗരത്തിലെ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളായ സർക്കുലർ വെസ്റ്റ് സൊല്യൂഷൻസ്, സാഹസങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
രാവിലെ 10 മുതൽ 4 വരെയാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . പുഷ്പമേള അവസാനിക്കുന്ന15 വരെയും തുണി സഞ്ചികൾ ലഭിക്കും. മുൻവർഷങ്ങളിൽ പുഷ്പമേളയിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
മേള ആരംഭിക്കുന്നതിനു മുന്നോടിയായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് കച്ചവടക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയിരുന്നു. ഒപ്പം മേളയുടെ ഭാഗമായുണ്ടാകുന്ന ഓരോ ദിവസത്തെയും മാലിന്യം നീക്കം ചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികൾക്കു പുറമേ വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.