ഹൈദരാബാദ് : പുതിയതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. പൊതുഗതാഗത മന്ത്രി പിനിപ് വിശ്വരൂപന്റെയും അമലപുരം എംഎല്‍എ പൊന്നാട വെങ്കട സതീഷിന്റെയും വീടുകള്‍ക്കാണ് തീയിട്ടത്.
പുതുതായി രൂപീകരിച്ച കോനാസീമ ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനാസീമ ജില്ല എന്ന് മാറ്റുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഏപ്രില്‍ നാലിനായിരുന്നു ജില്ലയുടെ രൂപീകരണം. ദളിത് സമുദായത്തിലുള്ളവര്‍ ധാരാളമുള്ള സ്ഥലമായതിനാല്‍ ജില്ലയുടെ പേര് ബിആര്‍ അംബേദ്കറിനോട് ബന്ധപ്പെടുത്തി വേണമെന്ന് ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു.
ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് ആവശ്യമംഗീകരിച്ച് ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനാസീമ എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദളിത് സമുദായത്തിന് പുറത്തുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജില്ലയുടെ പേര് കോനാസീമ എന്നു തന്നെ നിലനിര്‍ത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധവുമായി എത്തിയവരെ പിരിച്ചു വിടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലവത്തായില്ല എന്ന് മാത്രമല്ല, പ്രതിഷേധക്കാര്‍ പ്രകോപിതരാവുകയും ചെയ്തു. മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് പുറമേ ഒരു പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറയാനാണ് പ്രതിഷേധക്കാര്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കാതെ വന്നതോടെ ജനം അക്രമാസക്തരാവുകയും വീടിന് തീയിടുകയുമായിരുന്നു. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്കും പ്രക്ഷോഭകര്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി തനതി വനിത അറിയിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക വിരുദ്ധ ശക്തികളുമാണ് തീവെപ്പിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു.