ബെംഗളൂരു: പീനിയ എലിവേറ്റഡ് ഫ്ലൈഓവർ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. പാലത്തിന്റെ ലോഡ് ടെസ്റ്റിങ് നടക്കുകയാണ്.ഈ പ്രവൃത്തികള്‍ക്കായി ദേശീയപാതാ അതോരിറ്റിയാണ് പാലം അടച്ചിടാൻ തീരുമാനിച്ചത്. ഏപ്രില്‍ 13 രാവിലെ 5 മണി മുതല്‍ ഏപ്രില്‍ 17 രാവിലെ 11 മണി വരെ നാല് ദിവസത്തേക്കാണ് പാലം അടച്ചിടുക. കെന്നമെറ്റല്‍ വിഡിയ അപ്പർ റാമ്പ് മുതല്‍ എസ്‌ആർഎസ് ഡൗണ്‍ റാമ്പ് വരെയും സിഎംടിഐ ജംഗ്ഷൻ മുതല്‍ പാർലെ-ജി ടോള്‍ ബൂത്തുകള്‍ വരെയും പാലം അടഞ്ഞു കിടക്കും.കേബിള്‍ അറ്റകുറ്റപ്പണികളാണ് ഫ്ലൈഓവറില്‍ നടക്കുന്നത്. പാലത്തിന്റെ ഘടനാപരമായ ബലം ഉറപ്പു വരുത്തുന്നതിനാണ് ഈ ജോലികള്‍ ചെയ്യുന്നത്. ഇതിനു ശേഷം ലോഡ് ടെസ്റ്റിങ് കൂടി നടത്തിയിട്ടേ പാലം തുറക്കൂ. ഈ ദിവസങ്ങളില്‍ യാത്രക്കാർ ബദല്‍ റോഡുളിലൂടെ യാത്ര ചെയ്യണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.പീന്യ ഫ്ലൈഓവർ ഉപയോഗിക്കുന്നവരുടെ യാത്രാ ഉദ്ദേശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ചില ബദല്‍ റൂട്ടുകള്‍ നിർദ്ദേശിക്കുന്നുണ്ട് ബെംഗളൂരു ട്രാഫിക് പോലീസ്.ട്രാഫിക്
പോലീസ് നിർദ്ദേശിക്കുന്ന ബദല്‍ വഴികള്‍:
1. നെലമംഗല ഭാഗത്തു നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാർക്ക് നിങ്ങള്‍ ഫ്ലൈഓവർ റാമ്പ് വിട്ട് എൻഎച്ച് 4 സർവീസ് റോഡിലൂടെ നീങ്ങണം. ഈ സർവീസ് റോഡിലൂടെ 8-ാം മൈല്‍, ദാസറഹള്ളി, ജലഹള്ളി ക്രോസ്, പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ വഴി എസ്‌ആർഎസ് ജംഗ്ഷനിലേക്ക് എത്തുക. ഇവിടെ നിന്ന് ഗോരഗുണ്ടെപാളയ ജങ്ഷനിലേക്ക് എത്തിച്ചേരാം. തുംകൂരു റോഡ് കോറിഡോറിലേക്ക് കയറിയാല്‍ യശ്വന്ത്പുരയിലേക്കും, ഔട്ടർ റിങ് റോഡിലേക്കും സിറ്റി സെന്ററിലേക്കുമെല്ലാം പോകാനാകും.
2. എൻഎച്ച് 4-ലൂടെ നെലമംഗലയിലേക്ക് പോകുന്നവരും ഫ്ലൈഓവർ ഒഴിവാക്കി താഴേക്കൂടി വേണം പോകാൻ. സിഎംടിഐ ജങ്ഷൻ ഭാഗത്തു നിന്ന് നെലമംഗല ഭാഗത്തേക്ക് ആദ്യം എസ്‌ആർഎസ് ജംഗ്ഷനിലെത്തുക. പിന്നീട് പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലേക്കും തുടർന്ന് ജലഹള്ളി ക്രോസിലേക്കും ദാസരഹള്ളിയിലേക്കും പോകുക. ഇവിടെ നിന്ന് എട്ടാം മൈലിലേക്കും, പാർലെ ജി ടോളിലേക്കും എത്തിച്ചേരാം.