Home Featured ജോലിയില്‍ നിന്ന് പിരിഞ്ഞ് രണ്ടുദിവസത്തിനകം മുഴുവന്‍ ശമ്ബളം, ‘ഫൈനല്‍ സെറ്റില്‍മെന്റ്’; പുതിയ വേജ് കോഡ്

ജോലിയില്‍ നിന്ന് പിരിഞ്ഞ് രണ്ടുദിവസത്തിനകം മുഴുവന്‍ ശമ്ബളം, ‘ഫൈനല്‍ സെറ്റില്‍മെന്റ്’; പുതിയ വേജ് കോഡ്

ന്യൂഡല്‍ഹി: വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുന്ന ജീവനക്കാരന് രണ്ടുദിവസത്തിനകം മുഴുവന്‍ ശമ്ബളവും കുടിശ്ശികയും കമ്ബനി കൊടുത്തുതീര്‍ക്കണമെന്ന് പുതിയ വേജ് കോഡ്. പുതിയ നാലു തൊഴില്‍ നിയമങ്ങള്‍ ജൂലൈ ഒന്നിന് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

സാധാരണയായി 45 ദിവസം മുതല്‍ 60 ദിവസത്തിനകമാണ് ജീവനക്കാരന്റെ ശമ്ബളവും കുടിശ്ശികയും അടക്കമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്. ചില അവസരങ്ങളില്‍ 90 ദിവസം വരെ പോകാറുണ്ട്. ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതലാണ് കണക്കാക്കുന്നത്.

എന്നാല്‍ വേജ് കോഡ് അനുസരിച്ച്‌ ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതല്‍ രണ്ടുദിവസത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ ശമ്ബളവും കുടിശ്ശിക തുകയും കൊടുത്തു തീര്‍ക്കണം. രാജി, പുറത്താക്കല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ശമ്ബളം, സാമൂഹിക സുരക്ഷ, തൊഴില്‍ ബന്ധങ്ങള്‍, സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം തുടങ്ങി ജീവനക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴില്‍ നിയമങ്ങള്‍.

ഇതിനോടകം തന്നെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. നിലവിലുള്ള 29 നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നാലു തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group