ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദ ഭീഷണിക്കിടയിലും സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍.അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് നിന്ന് പുറത്ത് കടക്കണമെങ്കില്‍ പലപ്പോഴും 8 മണിക്കൂറോളം നീളുന്ന പ്രക്രിയയാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനിടക്ക് ആര്.ടി.പി.സി.ആര് പരിശോധനയും നടത്തണം. 3,500 രൂപയാണ് പരിശോധനക്കായി ഈടാക്കുന്നത്.ഒമിക്രോണ്‍ ഭീതി വിതച്ചതോടെ പല രാജ്യങ്ങളിലും നിന്നും എത്തുന്ന യാത്രികര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെത്തിയതിന് ശേഷം ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട് പരിശോധനക്കായി ഏകദേശം രണ്ട് മണിക്കൂറാണ് യാത്രക്കാര്‍ കാത്തിരിക്കേണ്ടത്.
സാമൂഹിക അകലം പാലിക്കാതെ ആര്.ടി.പി.സി.ആര് പരിശോധനക്കായി ആളുകള്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാപ്പിഡ് പി.സി.ആര് ടെസ്റ്റിന് പകരം 500 രൂപ മുടക്കി സാധാരണ പരിശോധനയാണ് നടത്തുന്നതെങ്കില്‍ ഫലത്തിനായുള്ള കാത്തിരിപ്പ് എട്ട് മണിക്കൂര്‍ വരെ നീളും. അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ‘ ഒമിക്രോണ്‍’ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍സനിയയില്‍നിന്ന് വന്ന 37 കാരനായ ഇന്ത്യക്കാരനാണ് ഒമിക്രോണ്‍ പോസിറ്റിവായത്. രാജസ്ഥാനില്‍ ഒമ്ബതും മഹാരാഷ്ട്രയില്‍ ഏഴും കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയവരുടെ എണ്ണം 21 ആയി ഉയര്‍ന്നു .
ദക്ഷിണാഫ്രിക്കന്‍ യാത്രാ പശ്ചാത്തലമുള്ള ഒരുകുടുംബത്തിലെ 9 പേര്‍ക്കാണ് രാജസ്ഥാനിലെ ജയ്പൂരില്‍ രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍നിന്ന് വന്ന മൂന്നു പേരടക്കം ഏഴു പേരാണ് മഹാരാഷ്ട്രയിലെ രോഗികള്‍. ഏഴു പേരും പുനെ സ്വദേശികളാണ് . പോസിറ്റിവായ ഏഴാമത്തെയാള്‍ ഫിന്‍ലന്‍ഡില്‍ നിന്ന് കഴിഞ്ഞ മാസം അവസാനം വന്നയാളാണ്. ഡല്‍ഹിയിലെ ലോക്നായക് ജയപ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ നിന്ന് ജിനോം സീക്വന്‍സിങ്ങിന് അയച്ച 12 കേസുകളിലൊന്നാണ് ഒമിക്രോണ്‍ പോസിറ്റിവായത്. അതെ സമയം അന്താരാഷ്ട്ര വിമാനങ്ങളില്‍ ഡല്‍ഹിയില്‍ എത്തുന്നവരില്‍ കോവിഡ് പോസിറ്റിവായവരെ മാറ്റി പാര്‍പ്പിക്കാന്‍ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറന്നു.