ബംഗളൂരു: കന്നട ഭാഷ പഠിക്കല്‍ നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കര്‍ണാടക ഹൈകോടതിയില്‍.കേസുമായി ബന്ധപ്പെട്ട് ഇത്തരം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടതിനനുസരിച്ച് രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്കി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളില്‍ പോലും കന്നട ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് രക്ഷിതാക്കളുടെ ഹരജി. കന്നട ലാംഗ്വേജ് ലേണിങ് ആക്ട് 2015, കന്നട ലാംഗ്വേജ് ലേണിങ് റൂള്‍സ് 2017, കര്‍ണാടക എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് റൂള്‍സ് 2022 എന്നിവ വൈരുധ്യങ്ങള്‍ നിറഞ്ഞതാണെന്നും നിയമവിരുദ്ധമായി കന്നട അടിച്ചേല്പിക്കുകയാണെന്നുമാണ് രക്ഷിതാക്കളുടെ വാദം.
കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും കന്നട പഠിക്കണമെന്ന് അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ജീവിക്കുന്ന നിരവധി പേര്‍ക്ക് കന്നട ഭാഷ അറിയില്ല. സംസ്ഥാനത്തിന്റെ ഭരണ ഭാഷയാണ് കന്നട.ഇതിനാല്‍ ആശയവിനിമയം കന്നട ഭാഷയിലാകണം. എല്ലാ ഭാഷകളെയും നമ്മള് ബഹുമാനിക്കേണ്ടതുണ്ട്. എന്നാല്‍, കര്‍ണാടകയില്‍ നിര്‍ബന്ധമായും കന്നട ഉപയോഗിക്കണം. എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണമെന്നും കന്നട രാജ്യോത്സവ ദിനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
വോട്ടർ പട്ടിക; പേര് ചേർക്കലും തിരുത്തലും ഡിസംബർ ഒമ്പത് വരെ
ഡിസംബർ ഒമ്പത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും അവസരം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേരില്ലാത്ത അതത് മണ്ഡലങ്ങളിൽ സ്ഥിര താമസം ഉള്ളവരായ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം.2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവർക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം. പട്ടികയിൽ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസ സ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നൽകാം.ബിഎൽഒമാർ മുഖാന്തിരം, താലൂക്ക് ഓഫീസുകൾ, കലക്ട്രേറ്റ്, അക്ഷയ, സി എസ് സി കേന്ദ്രങ്ങൾ എന്നിവ വഴി അപേക്ഷ നൽകാം.
തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.ജനുവരി 25 മുതൽ വോട്ടർ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കേണ്ടതിനാൽ ഐഡി കാർഡ് ഇല്ലാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.