Home കർണാടക പരപ്പന അഗ്രഹാരയില്‍ വീണ്ടും സുരക്ഷാവീഴ്ച: തടവുകാര്‍ക്ക് ഫോണും നെറ്റ്ഫ്ലിക്സും; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

പരപ്പന അഗ്രഹാരയില്‍ വീണ്ടും സുരക്ഷാവീഴ്ച: തടവുകാര്‍ക്ക് ഫോണും നെറ്റ്ഫ്ലിക്സും; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

by ടാർസ്യുസ്

ബെംഗളൂരു: സുരക്ഷാ വീഴ്ചകള്‍ക്ക് പേരുദോഷം കേട്ട ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ വീണ്ടും വൻ വിവാദം.തടവുകാർ സെല്ലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും ടിവിയില്‍ നെറ്റ്ഫ്ലിക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ആസ്വദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ വീഴ്ച വരുത്തിയ മൂന്ന് വാർഡൻമാരെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.പുറത്തുവന്ന വീഡിയോയില്‍ തടവുകാർ അതീവ സുരക്ഷാ മേഖലയിലിരുന്ന് സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായും ഐ.പി.എല്‍ മത്സരങ്ങളെക്കുറിച്ച്‌ ആവേശത്തോടെ സംസാരിക്കുന്നതായും കാണാം. ഒരു കൊലക്കേസില്‍ പ്രതികളായി രണ്ടര വർഷമായി ജയിലില്‍ കഴിയുന്നവരാണ് ദൃശ്യങ്ങളിലുള്ളത്. മാർച്ച്‌ 27-നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക വിവരം.ജയിലിന് പുറത്തുള്ള ബന്ധുക്കള്‍ക്ക് തടവുകാർ രഹസ്യമായി അയച്ചുകൊടുത്ത വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

ശിവാനന്ദ് കരലബട്ടി, നിരഞ്ജൻ എ. കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നീ ഉദ്യോഗസ്ഥരെയാണ് കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്.സംഭവത്തിന് ശേഷം ജയിലിനുള്ളിലെ അനധികൃത പ്രവർത്തനങ്ങള്‍ തടയാൻ കർശന നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്നും ഇത്തരം നിയമലംഘനങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ജയില്‍ അധികൃതർ വ്യക്തമാക്കി.പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാൻ അതീവ കൗശലത്തോടെയാണ് തടവുകാർ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ടോയ്ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗർഭ പൈപ്പ് ലൈനിനുള്ളിലായിരുന്നു ഫോണുകള്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്താശയെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു. വീഡിയോയില്‍ കണ്ട മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും പ്രതികള്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group