റിപ്പബ്ലിക് ദിനത്തിൽ ലാല്‍ബാഗ് മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ വഴി ലാൽബാഗ് ഫ്ലവർ ഷോ സന്ദർശിക്കുന്നവർക്കായി അധികൃതർ 30 രൂപ നിരക്കുള്ള ഫ്ലാറ്റ്-റേറ്റ് പേപ്പർ ടിക്കറ്റ് അവതരിപ്പിച്ചു. ലാൽബാഗ് സ്റ്റേഷനിൽ ഞായറാഴ്ച ടോക്കണുകൾ നൽകില്ല, പകരം പേപ്പര്‍ ടിക്കറ്റുകൾ മാത്രമായിരിക്കും ലഭിക്കുക, പേപ്പർ ടിക്കറ്റുകൾക്കുള്ള തുക പണമായി നല്കുവാനേ സാധിക്കൂ എന്നതും ഓര്‍മ്മിക്കേണ്ട കാര്യമാണ്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റേതെങ്കിലും സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് സാധുതയുള്ള ഈ ടിക്കറ്റുകൾ രാവിലെ 10.00 മുതൽ രാത്രി 8.00 വരെ ലഭ്യമാകും.
കൂടാതെ, മെട്രോ യാത്രകൾക്ക് ടോക്കണുകൾ, കോൺടാക്റ്റ്‌ലെസ് സ്മാർട്ട് കാർഡുകൾ (സിഎസ്‌സി), നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ (എൻസിഎംസി), ക്യുആർ ടിക്കറ്റുകൾ എന്നിവയും ഉപയോഗിക്കാം.റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന ലാല്‍ബാഗിൽ ഗതാഗതം സുഗമമാക്കുന്നതിനായി വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പ്രത്യേക പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ബെംഗളൂരു മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്നറിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബിആർവി ജംക്‌ഷനും കാമരാജ് റോഡ് ജംക്‌ഷനും ഇടയിൽ കബ്ബൺ റോഡിൽ രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതം വഴിതിരിച്ചുവിടും.ഇൻഫൻട്രി റോഡിൽ നിന്ന് മണിപ്പാൽ സെൻ്റർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇൻഫൻട്രി റോഡിലൂടെ സഫീന പ്ലാസയിലെത്തി മെയിൻ ഗാർഡ് ക്രോസ് റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് ആലീസ് സർക്കിൾ, ഡിസ്പെൻസറി റോഡ്, കാമരാജ് റോഡ് വഴി കബ്ബൺ റോഡ് ജംഗ്ഷനിലെത്തണം.
മണിപ്പാൽ ജംക്‌ഷനിൽനിന്ന് കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനിലേക്കുള്ള വാഹനങ്ങൾ മണിപ്പാൽ സെൻ്ററിൽ തടയും. ഡ്രൈവർമാർക്ക് വെബ്‌സ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് പോകാം, എംജി റോഡിലൂടെ മുന്നോട്ട് പോകാം, അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സെൻട്രൽ വഴി ബിആർവി ജംഗ്ഷനിലേക്ക് പോകാം.