ഒരു കൈയിൽ കാപ്പി കപ്പും മറുകൈയിൽ സിഗരറ്റുമായി കസേരയിൽ ഇരിക്കുന്ന തടവുകാരനായ നടൻ ദർശന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി മറ്റ് ജയിലിലെയും തടവുകാർ. തങ്ങൾക്കും ജയിലിൽ സമാനമായ സൗകര്യങ്ങൾ വേണമെന്നാണ് തടവുകാരുടെ ആവശ്യം.പ്രഭാതഭക്ഷണം ഉപേക്ഷിച്ചുകൊണ്ടാണ് തടവുകാർ പ്രതിഷേധം നടത്തിയത്. തങ്ങൾക്കും ദർശന് ലഭിക്കുന്നതുപോലെ സിഗരറ്റും പുകയില ഉല്പന്നങ്ങളും വേണമെന്നാണ് ഉന്നയിക്കുന്ന ആവശ്യം. ഞായറാഴ്ചയാണ് വിവിധ ജയിലുകളിൽ പ്രതിഷേധം നടന്നത്. ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിൽ കഴിയുന്ന ആളാണ് ദർശൻ.
ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ 778 തടവുകാർ പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധം നടത്തി. ബെലഗാവിയിലെ ഹിൻഡാൽഗ ജയിലിലും അഞ്ഞൂറിലേറെ തടവുകാർ ദർശനു നൽകുന്ന സമാനമായ സൗകര്യങ്ങൾ വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.ദർശൻ ജയിലിൽ പുകവലിക്കുന്ന ഫോട്ടോ വൈറലായതിനെ തുടർന്ന് പരപ്പന അഗ്രഹാരയിലെ എട്ടിലധികം ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അതിനാൽ, ഹിൻഡലഗ, ബല്ലാരി തുടങ്ങിയ ജയിലുകളിലെ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണ്. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റി.
ബെംഗളൂരു: വില കൂടിയ സാരികൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ; 17.5 ലക്ഷം രൂപയുടെ 38 സാരികൾ പിടികൂടി
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 25 ന് ജെ പി നഗറിലെ ഒരു കടയിൽ നിന്ന് സാരികൾ മോഷ്ടിച്ച സംഘത്തെ പിടികൂടുകയും 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 സാരികൾ പോലീസ് പിടികൂടുകയും ചെയ്തു.ജാനകി, പൊന്നുരു വല്ലി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ ഇപ്പോൾ ഒളിവിലാണെന്ന് അവർ പറഞ്ഞു. മോഷ്ടിച്ച സാരികൾ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് പ്രതികൾ വിൽക്കുന്നതെന്നും പോലീസ് പറഞ്ഞു.ജെ പി നഗറിലെ ഒരു സിൽക്ക് സ്റ്റോറിൽ സാരി ധരിച്ച ആറ് സ്ത്രീകൾ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവരിൽ നാല് പേർ വസ്ത്രങ്ങൾ കാണണമെന്ന് പറഞ്ഞ് കടയുടമയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു, മറ്റുള്ളവർ പെട്ടെന്ന് മേശയിൽ നിന്ന് എട്ട് സാരികൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.രണ്ട് പേർ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. വസ്ത്രത്തിനടിയിൽ പത്തിലധികം സാരികൾ കുത്തിനിറച്ച ബാക്കിയുള്ള നാലുപേർ കടയിൽ നിന്ന് പുറത്തിറങ്ങാൻ എഴുന്നേറ്റു.
തുടർന്ന് കടയുടമ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സാരികൾ മോഷ്ടിച്ചതായി മനസിലായത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റു സാരി ഷോപ്പുകളിൽ നിന്നും സംഘം സാരികൾ മോഷ്ടിച്ചതായി കണ്ടെത്തി. ബംഗളൂരു കോടതി സംഘാംഗങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.