യുഎസിൽ കേബിൾ ടിവിയെ മറികടന്ന് മുൻപന്തിയിലെത്തിയിരിക്കുകയാണ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻ റീലിസുകൾക്ക് ഒരുങ്ങുന്ന സമയമാണ്. കഴിഞ്ഞ ദിവസമാണ് എച്ച്ബിഒ മാക്‌സിന്റെ ഹൗസ് ഓഫ് ഡ്രാഗൺ ഡിസ്‌നീ പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്തത്. കൂടാതെ സെപ്തംബർ ഒന്നു മുതൽ ലോർഡ് ഓഫ് ദി റിങ്‌സ് ആമസോൺ പ്രൈമിലും റീലിസ് ചെയ്യും. യുഎസ് ഉൾപ്പെടെയുള്ള വിപണികളിൽ റീലിസുകൾ സ്ട്രോങ് ആക്കുകയാണ് ഒടിടി കമ്പനികളുടെ ലക്ഷ്യം.
34.8 ശതമാനം സ്ട്രീമിങാണ് യുഎസിലെ ആകെ ടെലിവിഷൻ ഉപഭോഗത്തിലുള്ളത്. നീൽസൺ ദി ഗേജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 34.4 ശതമാനമാണ് കേബിൾ ഉപഭോഗം, ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. നേരത്തെ തന്നെ ഒടിടി ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ആദ്യമായാണ് കേബിൾടിവി/യെ ഒടിടി മറികടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ജനങ്ങളുടെ ടിവി ഉപഭോഗ രീതികൾ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. ആഗോള തലത്തിൽ തന്നെ ഇത്തരം ട്രെൻഡിന് സമാനമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ. കേബിൾ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം വർഷം കഴിയുന്തോറും കുറയുകയാണ്. ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയും ഉണ്ടാകുന്നുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആഴ്ചയിൽ 19,100 കോടി മിനിറ്റ് നേരത്തോളം ആളുകൾ ചെലവിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂണിലെ പോലെ തന്നെ ജൂലൈയിലും പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലുള്ളത്. സ്‌ട്രേഞ്ചർ തിങ്‌സ് സീസൺ 4 റിലീസ് ചെയ്തതോടെ നെറ്റ്ഫ്ലിക്സും വളർന്നു. 1800 കോടി അധിക ഉപഭോക്താക്കളെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. അതായത് ഉപഭോഗം 8% ആയി വർധിച്ചിട്ടുണ്ട്.
എന്നാൽ കേബിൾ ടിവി ഉപഭോക്താക്കളുടെ എണ്ണം ജൂലായിൽ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 8.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കായികമത്സരങ്ങൾ കാണുന്ന ഉപഭോക്താക്കളുടെ എണ്ണം ജൂണിൽ നിന്നും 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വർഷത്തിന്റെ കണക്ക് നോക്കിയാൽ ഇതിൽ 34 ശതമാനത്തിന്റെ ഇടിവുണ്ടായതായി കാണാം.
തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം
തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി.
സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വിദഗ്ധർ പറയുന്നു.
തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.