ബംഗളൂരുവിലെ അനാഥാലയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ചെയര്‍മാൻ പ്രിയങ്ക് കാനൂംഗോക്കെതിരെ കേസെടുത്തു.അനാഥാലയത്തില്‍ അതിക്രമിച്ചു കയറുകയും വിഡിയോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ അപവാദപ്രചാരണം നടത്തുകയും ചെയ്തെന്ന ഓര്‍ഫനേജ് അധികൃതരുടെ പരാതിയില്‍ ഡി.ജെ ഹള്ളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനാഥാലയത്തിലെ കുട്ടികള്‍ ‘മധ്യകാല താലിബാൻ ജീവിതം’ ആണ് നയിക്കുന്നതെന്ന് പ്രിയങ്ക് കാനൂംഗോ ‘എക്സി’ല്‍ വിഡിയോ പങ്കുവെച്ച് ആരോപണം ഉന്നയിച്ചിരുന്നു. കാവല്‍ ബൈരസാന്ദ്രയില്‍ ദാറുല്‍ ഉലൂം സഈദിയ്യ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഉലൂം സഈദിയ്യ യതീംഖാനയുമായി ബന്ധപ്പെട്ടാണ് വിവാദം.
പ്രിയങ്ക് കാനൂംഗോ അടങ്ങുന്ന സംഘം കഴിഞ്ഞ നവംബര്‍ 19ന് ബംഗളൂരു ഈസ്റ്റ് ജില്ല ബാല സംരക്ഷണ ഓഫിസര്‍ക്കൊപ്പം അനാഥാലയത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ സ്ഥാപനത്തിലെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി ഗുരുതര ആരോപണങ്ങള്‍ സഹിതം ‘എക്സി’ല്‍ പങ്കുവെക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ അംഗങ്ങളാണെന്ന് പറഞ്ഞാണ് സംഘം അനാഥാലയത്തില്‍ അതിക്രമിച്ച് കടന്നതെന്നും അവിടത്തെ വിദ്യാര്‍ഥികളുടെ ജീവിതത്തെ താലിബാനുമായി താരതമ്യപ്പെടുത്തി അപവാദം പ്രചരിപ്പിച്ചെന്നും യതീംഖാന സെക്രട്ടറി അഷ്റഫ് ഖാൻ പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 21നാണ് പ്രിയങ്കിനെതിരെ കേസെടുത്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 34 (സംഘംചേര്‍ന്നുള്ള പ്രവൃത്തി), 447 (കുറ്റകരമായ കൈയേറ്റം), 448 (വീട്ടില്‍ അതിക്രമിച്ചു കയറല്‍), 295 എ (മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുന്നതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് താൻ അനാഥാലയം സന്ദര്‍ശിച്ചതെന്നും എന്നിട്ടും തനിക്കെതിരെ കൈയേറ്റത്തിന് കേസെടുത്തതായും പ്രിയങ്ക് കാനൂംഗോ പ്രതികരിച്ചു. ആരെങ്കിലും കുട്ടികളെ നിയമവിരുദ്ധമായി താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇനിയും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനാഥാലയ അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിയങ്ക് കര്‍ണാടക ചീഫ് സെക്രട്ടറിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അനാഥാലയം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. 100 ചതുരശ്ര അടി വീതമുള്ള അഞ്ച് മുറികളിലായി എട്ട് കുട്ടികളെ വീതം താമസിപ്പിച്ചിരുന്നതായും 16 കുട്ടികള്‍ക്കായി ഇടനാഴിയില്‍ കട്ടിലുകള്‍ സജ്ജീകരിച്ചിരുന്നതായും 150 വിദ്യാര്‍ഥികള്‍ രണ്ടു വലിയ ഹാളുകളിലായി കഴിഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തത് മൗലികാവകാശ ലംഘനമാണ്. കളിക്കാനുള്ള ഉപകരണങ്ങളോ വിനോദത്തിനായി ടി.വി അടക്കമുള്ള സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75ാം വകുപ്പു പ്രകാരമുള്ള ലംഘനങ്ങളാണ് അനാഥാലയത്തില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് ലഭിച്ച് ഒരാഴ്ചക്കകം വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കര്‍ണാടക ചീഫ് സെക്രട്ടറിയോടുള്ള നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മതവിദ്വേഷം പരത്താനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ചെയര്‍മാൻ ശ്രമിച്ചതെന്ന് അനാഥാലയ അധികൃതര്‍ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തി.
മനുഷ്യാവകാശ കമീഷൻ അംഗമാണെന്ന് പറഞ്ഞ് വന്ന അദ്ദേഹം അനാഥാലയം മുഴുവൻ പരിശോധിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികള്‍ കിടന്നുറങ്ങുന്ന സമയമായിരുന്നു അത്. സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞു. കോവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട 60 കുട്ടികളെ ഈ അനാഥാലയത്തില്‍ സംരക്ഷിക്കുന്നതായി തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചതായും അനാഥാലയ സെക്രട്ടറി അഷ്റഫ് ഖാൻ പറഞ്ഞു. പൊതുജനങ്ങളില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് 200ഓളം വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതെന്നും 1980 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ കുറിച്ച് ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി