Home Featured വിവിധ ജില്ലകളില്‍ അടുത്ത രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; തീരദേശ ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്

വിവിധ ജില്ലകളില്‍ അടുത്ത രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; തീരദേശ ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്

by ടാർസ്യുസ്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചവരെ തീരദേശ, മലനാട് ജില്ലകളിലും ഒക്ടോബര്‍ 10 വരെ ബെംഗളുരുവിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

വ്യാഴാഴ്ച ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി തുടങ്ങിയ തീരദേശ ജില്ലകളിലും ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസമായി ബെംഗളുരുവിലും മലനാട്, തീരദേശ മേഖലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.കനത്ത മഴയില്‍ പലയിടങ്ങളിലും റോഡുകള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചു. ഉഡുപ്പി, ശിവമോഗ ജില്ലകളില്‍ വലിയതോതില്‍ കൃഷിനാശവുമുണ്ടായി. ബെംഗളുരുവില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായ റോഡുകളില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ഇതോടെ നഗരത്തിലെ ഗതാഗതം കൂടുതല്‍ ദുസ്സഹമായി.

ഒക്ടോബറില്‍ കര്‍ണാടകത്തില്‍ സാധാരണയായി ലഭിച്ചിരുന്ന മഴയില്‍ 12 ശതമാനം വര്‍ധനയാണ് ഇത്തവണയുണ്ടായത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ചുവരെ 37.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ പരമാവധി 33.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്.അതിനിടെ മഴയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ബെംഗളുരുവില്‍ കോര്‍പറേഷന്‍ 63 കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. സബ് ഡിവിഷന്‍ തലത്തിലാണ് ഇവയുടെ പ്രവര്‍ത്തനം.

ഒക്ടോബര്‍ അവസാനം വരെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്ന് ബിബിഎംപി ചീഫ് കമിഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഭാവിയില്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍ താഴ്ന്ന പ്രദേശങ്ങളുടെ പട്ടിക തയാറാക്കി മുന്നൊരുക്കം നടത്താന്‍ ജോയന്റ് കമിഷണര്‍മാര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group