ബെംഗളൂരു : കർണാടക നിയമസഭാ സമ്മേളനം 13 നു തുടങ്ങാനിരിക്കെ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഉറക്കം കെടുത്തുന്ന പേരാണു സംസ്ഥാനത്തെ പിടിച്ചുലച്ച ബിറ്റ്കോയിൻ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഹാക്കർ ശ്രീകൃഷ്ണ രമേഷി (ശീകി- 26) ന്റേത്. രാജ്യാന്തര ബിറ്റ്ഫിനെക്സ് എക്സ്ചേഞ്ചിലെ 5240 കോടി രൂപയുടെ ബിറ്റ്കോയിൻ തിരിമറിയിലും ഇയാൾക്കു പങ്കുണ്ടെന്നും ബിജെപി മന്ത്രിമാർക്കു തട്ടിപ്പിൽ ബന്ധമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് ആവശ്യം.
ശ്രീകൃഷ്ണ ഗെയിമിങ് വെബ്സൈറ്റ് രമേഷ്
ഹാക്ക് ചെയ്ത കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായതിനു പിന്നാലെയാണ് ശ്രീകിയിൽ നിന്ന് 9 കോടി രൂപയുടെ ബിറ്റ്കോയിൻ ബെംഗളൂരു പൊലീസ് കണ്ടെടുത്തത്. കസ്റ്റഡിയിലായിരുന്ന സമയത്തും ഇയാളുടെ അക്കൗണ്ട് വഴി കോടികളുടെ ബിറ്റ്കോയിൻ ഇടപാട് നടന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്നു കോൺഗ്രസ് പറയുന്നു. ഇന്നലെ വൈകിട്ട് ഒരു ബിറ്റ്കോയിന്റെ മൂല്യം 35.85 ലക്ഷമായിരുന്നു. തട്ടിപ്പു നടത്തുന്ന സമയത്താകട്ടെ 50 ലക്ഷത്തോളവും. 2016ൽ നെതർലൻഡ്സിൽ കംപ്യൂട്ടർ സയൻസ് പഠിക്കുമ്പോൾ, ഹോങ്കോ ആസ്ഥാനമായ ബിറ്റ്ഫിനെക്സ് എക്സ്ചേഞ്ച് ഹാക്ക് ചെയ്തെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. എന്നാൽ, ആ തട്ടിപ്പുമായി ഇയാൾക്കു ബന്ധമില്ലെന്നാണു ബെംഗളുരു പൊലീസിന്റെ നിലപാട്.
ബിടിസി-ഇ ഡോട്ട് കോം, ബിറ്റ് സെൻട്രൽ തുടങ്ങിയ എക്സ്ചേഞ്ചു കൾ ഹാക്ക് ചെയ്ത് അയ്യായിരത്തിലധികം ബിറ്റ്കോയിൻ കവർന്നെന്നാണു ശ്രീകിയുടെ മൊഴി. എന്നാൽ തെളിവുകൾ പൊലീസിനു ശേഖരിക്കാനായിട്ടില്ല. 2019ൽ കർണാടക സർക്കാരിന്റെ ഇ-പ്രൊക്യുർമെന്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടി വെട്ടിച്ചതിനും ഇന്റർനെറ്റി ലൂടെ ലഹരിമരുന്നു വാങ്ങിയതിനും ഇയാൾ ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും
India കണ്ട ഏറ്റവും വലിയ ബിറ്റ്കോയിൻ തട്ടിപ്പിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനു കൂടിയാണെന്ന് ആരോപി ക്കുന്ന കോൺഗ്രസ്, ശ്രീകിയുമായി ബന്ധമുള്ള ബിജെപി നേതാക്കളെ വെളിച്ചത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, കോൺഗ്രസ് ഉന്നതർക്കാണ് ഇയാളുമായി ബന്ധമെന്നാണു ബിജെപിയുടെ മറുപടി. ഇതിനിടെ, മന്ത്രിമാർക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന ഫോൺ സംഭാഷണം പുറത്തായതു ബിജെപിക്കു ക്ഷീണമായി. 2 മന്ത്രിമാരാണു കോൺഗ്രസിനു വിവരം ചോർത്തുന്നതെന്ന പരാതിയുമായി ബൊമ്മെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തു. യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വിവരം തേടിയതിനെ തുടർന്നാണു മോദി ബൊമ്മയെ വിളിച്ചു വരുത്തിയതെന്നാണു ബിജെപിയിലെ ബൊമ്മ വിരുദ്ധ വിഭാഗം ആരോ പിക്കുന്നത്.