ബെംഗളൂരു∙ ഓണത്തിനു നാട്ടിലേക്കു മടങ്ങുന്നവർക്കായി കേരള ആർടിസി സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കും തിരിച്ചും ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ പ്രതിദിനം 12 സ്പെഷൽ ബസുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കേറുന്നതോടെ കൂടുതൽ ബസുകൾ ഏർപ്പെടുത്തും. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെയാണ് ഓരോ റൂട്ടുകളിലേക്കുമുള്ള സ്പെഷൽ ബസുകളിലെ ബുക്കിങ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ഡീലക്സ് ബസ് ദിണ്ഡിഗൽ, മധുര, നാഗർകോവിൽ വഴിയായിരിക്കും സർവീസ്.
എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്:ഓണം സ്പെഷൽ ബസുകളിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തേക്കുള്ള (സേലം വഴി) സ്പെഷൽ ഡീലക്സ് ബസിൽ ഓൺലൈനായി തൃശൂരിലേക്കു ടിക്കറ്റെടുത്താലും എറണാകുളം വരെയുള്ള നിരക്ക് നൽകണം. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെയുള്ള ദിവസങ്ങളിൽ കേരള ആർടിസി, സ്വിഫ്റ്റ് ബസുകളിലും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. ഒരു വശത്തേക്ക് ബസുകൾ കാലിയായി വരുന്നതിന്റെ നഷ്ടം കുറയ്ക്കുന്നതിനായാണ് ഫ്ലെക്സി, എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് കേരള ആർടിസി നൽകുന്ന വിശദീകരണം.
ദീപാവലി ട്രെയിൻ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിൽ:ഓണത്തിനു പിന്നാലെ മഹാനവമി, ദീപാവലി അവധിക്കും കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ. ഒക്ടോബർ 23, 24 ദിവസങ്ങളിലാണു മഹാനവമി, വിജയദശമി അവധിയെങ്കിലും വെള്ളിയാഴ്ചയായ 20ന് കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തീർന്നിരുന്നു. നവംബർ 12നുള്ള ദീപാവലിക്ക് 10,11 തീയതികളിലെ ടിക്കറ്റുകളും തീർന്നു. ഓഗസ്റ്റ് പകുതിയോടെ ക്രിസ്മസ് റിസർവേഷനും ആരംഭിക്കും