കൊട്ടാരക്കര – ബാറിലെ പ്രമുഖ അഭിഭാഷകന് അടിയന്തരമായി 18000 രൂപ വേണം ഉടൻ അയയ്ക്കുക. അക്കൗണ്ട് നമ്പർ സഹിതം വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സംശയം തോന്നിയ സഹപ്രവർത്തകർ ഫോൺ വഴി അറിയിച്ചപ്പോഴാണ് അഭിഭാഷകനും വിവരം അറിയുന്നത്.
ഓൺ ലൈൻ പണം തട്ടിപ്പിന്റെ ഭാഗമായിരുന്നു വ്യാജ അക്കൗണ്ടെന്ന് മനസിലാക്കിയ അഭിഭാഷകൻ പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമാണു സംഭവം. അഭിഭാഷകന്റെ അടുത്ത സുഹൃത്തുക്കളായ നൂറിലേറേ പേർക്കു സന്ദേശം ലഭിച്ചു. സ്വന്തം പേരും ചിത്രവും വ്യാജ ഫോൺരേഖകളുമാണ് ഉണ്ടായിരുന്നത്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നതായാണു സൈബർ സെൽ അധികൃതർ പറയുന്നത്. എല്ലാ മാസവും പത്തിലേറെ പരാതികൾ കൊട്ടാരക്കര സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നു. വടക്ക് കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലാണു തട്ടിപ്പുസംഘങ്ങളുടെ താവളമെന്നു പൊലീസ് പറയുന്നു.