Home Featured സുലൈഖ യെനെപോയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം മംഗ്ളൂറില്‍ പ്രവര്‍ത്തനം തുടങ്ങി; മന്ത്രി സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു

സുലൈഖ യെനെപോയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം മംഗ്ളൂറില്‍ പ്രവര്‍ത്തനം തുടങ്ങി; മന്ത്രി സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു

മംഗ്ളുറു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുലൈഖ യെനെപോയ ഇന്‍സ്റ്റിറ്റ്യുട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാന്‍സര്‍ ചികിത്സ കേന്ദ്രം മംഗ്ളൂറിലെ ദേര്‍ളക്കട്ടയില്‍ പ്രവര്‍ത്തനം തുടങ്ങി.കര്‍ണാടക വൈദ്യുതി മന്ത്രി സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു. ടാറ്റ ട്രസ്റ്റ്സ് മുംബൈ ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ എന്‍ ശ്രീനാഥ്‌ ചികിത്സ സൗകര്യങ്ങള്‍ ഉദ്‌ഘാടനം ചെയ്തു.

വടക്കന്‍ കേരളത്തിലെ രോഗികള്‍ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മംഗ്ളൂറിലെ ആശുപത്രികളെയാണ്. സുലൈഖ യേനപോയ ക്യാന്‍സര്‍ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കന്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികിത്സ ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യാന്തര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകും. പ്രധാനമന്ത്രിയുടെ ചികിത്സ പദ്ധതിയടക്കമുള്ള വിവിധ ചികിത്സ പദ്ധതികളുടെ സഹായവും ലഭ്യമാക്കും.ടാറ്റ ട്രസ്റ്റ്സിന്റെ സഹായത്തോടെയാണ് യെനെപോയ സര്‍വകലാശാല ക്യാംപസിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ സമഗ്ര ക്യാന്‍സര്‍ പരിരക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ആറ് നിലകളുള്ള കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് റേഡിയോ തെറാപി ബങ്കറുകളും ഒരു ബ്രെഷി തെറാപി ബാങ്കറും ഇതിലുണ്ട്. അത്യാധുനിക ട്രൂ ബീം റേഡിയോതെറാപി മെഷീന്‍, പ്രത്യേകം ന്യൂക്ലിയര്‍ മെഡിസിന്‍ സൗകര്യം, പി ഇ ടി സി.ടി സ്‌കാനര്‍ തുടങ്ങിയ സൗകര്യങ്ങളും ക്യാന്‍സര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. കീമോതെറാപിക്കായി മാത്രം 10 ബെഡുകളുള്ള ഡേ കെയര്‍ സൗകര്യവും ഇവിടെയുണ്ട്.

ചടങ്ങില്‍ ചാന്‍സലര്‍ ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. യു ടി ഖാദര്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. എം വിജയ കുമാര്‍, മുന്‍ മന്ത്രി ബി രമാനാഥ റായ്, യെനെപോയ ഗ്രൂപ് ചെയര്‍മാന്‍ യെനെപോയ മുഹമ്മദ് കുഞ്ഞി, പ്രതാപ് സിംഹ നായക് എംഎല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ഗംഗാധര സോമയാജി സ്വാഗതവും ഡോ. ജലാലുദ്ദീന്‍ അക്ബര്‍ നന്ദിയും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group