ബെംഗളൂരു:ഓണക്കാലത്തേക്കുള്ള കേരള, കർണാടക ആർടിസികളുടെ ബുക്കിങ് ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള ദിവസങ്ങളിലെ ബുക്കിങ് അടുത്ത ദിവസം തന്നെ തുടങ്ങും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ റിസർവേഷൻ 4 മാസം മുൻപ് ആരംഭിച്ചതിനു പിന്നാലെ സ്വകാര്യ ബസുകളും ബുക്കിങ് തുടങ്ങിയിരുന്നു.
30 ദിവസം മുൻകൂറായാണ് കേരള, കർണാടക ആർടിസികളുടെ ടിക്കറ്റ് ബുക്കിങ്. നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് 11 മുതലാണ് തിരക്ക് കൂടുതൽ. സ്വിഫ്റ്റ് ബസുകൾ കൂടി എത്തിയതിനാൽ ഇത്തവണ സ്പെഷൽ ബസുകൾ അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.
മുൻവർഷങ്ങളിൽ വേണ്ടത്ര ബസുകൾ ലഭ്യമല്ലാത്തതാണ് തിരിച്ചടിയായിരുന്നത്. അവസരം മുതലാക്കി കർണാടക ആർടിസി കൂടുതൽ ബസുകൾ ഓടിച്ച് മികച്ച വരുമാനവും ഉണ്ടാക്കി.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സ്പെഷൽ ബസുകൾ ഓടിക്കുക. ഉത്സവകാല സീസണിൽ പ്രത്യേക പെർമിറ്റെടുതാണു സംസ്ഥാനാന്തര റൂട്ടിൽ സ്പെഷൽ സർവീസുകൾ നടത്തുന്നത്.
ഇഷ്ടം പോലെ സർവീസുമായി കർണാടകയും
പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതിനനുസരിച്ച് – 2 വീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കുമെന്ന് കർണാക ആർടിസി കേരള സെക്ടർ ലെയ്സൺ ഓഫി സർജി.പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ ഈസ്റ്റർ വിഷു സീസണിൽ കേരളത്തിലേക്കും തിരിച്ചും 103 സ്പെഷൽ ബസുകളാണ് കർണാടക ഓടിച്ചത്. തെക്കൻ കേരളത്തിലേക്ക് സേലം, കോയമ്പത്തൂർ വഴിയായിരിക്കും കർണാടകയുടെ സ്പെഷൽ ബസുകൾ ഏറെയും എന്നതും യാത്രക്കാർക്ക് ഗുണകരമാണ്.
ആശങ്ക വേണ്ടെന്ന് കേരള ആർടിസി ഫ്ലെക്സി നിരക്ക് സ്പെഷലിൽ
ഓണത്തിന് 20 ശതമാനം അധിക ഫ്ലെക്സി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സ്പെഷൽ ബസുകളിൽ മാതമെന്ന് കേരള ആർടിസി. ഫ്ലെക്സ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച ആശയക്കുഴപ്പവും പരാതികളും ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി വിശദീകരണം.
ഉത്സവ സീസണുകളിൽ ഒരു വശത്തേക്ക് മാത്രം യാത്രക്കാർ ഉണ്ടാവുകയും തിരിച്ച് ആരുമില്ലാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടം കുറയ്ക്കുന്നതിനാണു ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തുന്നത്. കെഎസ്ആർടി സി മാറി നിന്നപ്പോഴൊക്കെ സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്കാണ് ഈടാക്കിയിരുന്നത്.
ഓഫ് സീസണിൽ നിരക്ക് കുറയ്ക്കുന്നതോടെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് കൂടുതൽ പേരെ ബസ് യാത്രയിലേക്ക് ആകർഷിക്കാനും സാധിക്കും. ടിക്കറ്റ് നിരക്ക് പുനർനിർണയിച്ചപ്പോൾ ഫ്ലെക്സി നിരക്കിന്റെ പരിധി നിശ്ചയിക്കാനുള്ള അവകാശം കൂടി കെഎസ്ആർ ടിസിക്ക് ലഭിച്ചതായി കേരള ആർടിസി സിഎംഡി: ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
• സ്പെഷൽ സർവീസുകളിൽ ഓൺലൈനിലൂടെ ടിക്കറ്റെടുക്കുമ്പോൾ എസി ബസുകളിൽ 10 ശതമാനവും, നേരിട്ട് ബസിൽ നിന്ന് എടുത്താൽ 20 ശതമാനവുമായിരിക്കും വർധന, പതിവ് എസി സർവീസുകൾക്ക് ഓൺലൈനിൽ സാധാരണ നിരക്കും നേരിട്ടാണെങ്കിൽ 10 ശതമാനവുമാണ് വർധന.
•നോൺ എസി ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ സാധാരണ നിരക്കിൽ 5 ശതമാനവും നേരിട്ടെടുക്കുമ്പോൾ 15 ശതമാനവുമാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുള്ളത്.