Home Featured തിയറ്ററുകളിലെ ഓണം ആര് നേടും? റിലീസുകള്‍ വെള്ളിയാഴ്ച മുതല്‍

തിയറ്ററുകളിലെ ഓണം ആര് നേടും? റിലീസുകള്‍ വെള്ളിയാഴ്ച മുതല്‍

മലയാള സിനിമയെ സംബന്ധിച്ച് ഒരു വര്‍ഷത്തെ പ്രധാന സീസണുകളില്‍ ഒന്നാണ് ഓണം. കൊവിഡ് കാലത്ത് ഈ സീസണ്‍ നഷ്ടപ്പെട്ടുവെങ്കിലും സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഓണം എന്നത് പ്രാധാന്യം കുറച്ചു കാണാനാവാത്ത സീസണ്‍ തന്നെയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെയൊന്നും സാന്നിധ്യമില്ലാത്ത ഓണമാണ് തിയറ്ററുകളില്‍ ഇത്തവണ. അതേസമയം പ്രേക്ഷകരില്‍ ഇതിനകം കൌതുകമുണര്‍ത്തിയിട്ടുള്ള ചില ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുമുണ്ട്. നാല് ചിത്രങ്ങളാണ് ഓണം റിലീസുകളായി മലയാളത്തില്‍ നിന്ന് എത്തുന്നത്. വിനയന്‍റെ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ട്, അല്‍ഫോന്‍സ് പുത്രന്‍റെ പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്‍ഡ്, ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച് ബേസില്‍ ജോസഫ് നായകനാവുന്ന പാല്‍തു ജാന്‍വര്‍, ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് എന്നിവയാണ് അവ.

ഇതില്‍ ആദ്യമെത്തുക പാല്‍തു ജാന്‍വര്‍ ആണ്. സെപ്റ്റംബര്‍ 2 ആണ് റിലീസ് തീയതി. പത്തൊമ്പതാം നൂറ്റാണ്ടും തെക്കന്‍ തല്ല് കേസും സെപ്റ്റംബര്‍ 8ന് എത്തും. ഗോള്‍ഡ് ഓണം റിലീസ് എന്ന് പറഞ്ഞിട്ടുണ്ടെന്നല്ലാതെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 

പാല്‍തു ജാന്‍വര്‍

നവാഗതനായ സംഗീത് പി രാജനാണ് ചിത്രത്തിന്‍റെ സംവിധാനം. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് ആദ്യ ചിത്രവുമായി എത്തുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് കിരണ്‍ ദാസ്.

പത്തൊമ്പതാം നൂറ്റാണ്ട്

വിനയന്‍ ഇതുവരെ സംവിധാനം ചെയ്‍തവയില്‍ ഏറ്റവും വലിയ ചിത്രം. പിരീഡ് ആക്ഷന്‍ ഡ്രാമയില്‍ നായകന്‍ സിജു വില്‍സണ്‍ ആണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ ,സിജു അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

ഒരു തെക്കന്‍ തല്ല് കേസ്

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രം. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. നേരത്തെ മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത് എൻ. പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്.

ഗോള്‍ഡ്

പ്രേമം പുറത്തെത്തി ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രം. അതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. നയന്‍താരയാണ് നായിക. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. “ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്”, എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍റെ വാക്കുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group